തീരദേശ നിയന്ത്രണ നിയമത്തിലെ ഇളവ്; ഭവനനിര്‍മാണ അനുമതി നല്കാന് കോടതി ഉത്തരവ്
Saturday, January 11, 2025 2:17 AM IST
കൊച്ചി: തീരദേശ നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്ന സാഹചര്യത്തില്‍ ഭവന നിര്‍മാണത്തിനു നേരത്തെ പെർമിറ്റ് നിഷേധിച്ച അപേക്ഷകര്‍ക്ക് അനുമതി നല്കാന് ഹൈക്കോടതി ഉത്തരവ്.
കേരളത്തില്‍ ഇതുവരെ നിലനിന്നിരുന്ന 2011ലെ തീരദേശ നിയന്ത്രണമേഖല നിയമപ്രകാരം അനുമതി നിഷേധിക്കപ്പെട്ട വൈപ്പിന്‍ എടവനക്കാട് സ്വദേശിനി ദീപ്തി സുരേഷിന്റെ ഹര്‍ജിയിലാണു ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. വീടുനിര്‍മാണത്തിന് പഞ്ചായത്ത് പെര്‍മിറ്റ് നല്‍കണമെന്നാണ് ഉത്തരവ്.
തീരനിയന്ത്രണ വിജ്ഞാപനപ്രകാരം നിര്‍മാണ നിരോധിത മേഖലയില്‍പ്പെട്ട സ്ഥലങ്ങളില്‍ പൊക്കാളി പാടങ്ങള്‍, ചെമ്മീന്‍ കെട്ടുകള്‍ മുതലായ സ്ഥലങ്ങളില്‍ വേലിയേറ്റ രേഖ വരുന്നിടത്ത് സ്ലൂയിസ് ബണ്ട് ഗേറ്റുകള്‍ ഉണ്ടെങ്കില്‍ നിരോധനത്തിനുള്ള അകലം കണക്കാക്കേണ്ടത് ബണ്ട് ഗേറ്റില്നിന്നാണെന്നു ഭേദഗതി ഉണ്ടായെങ്കിലും അതുസംബന്ധിച്ച മാപ്പ് പുറത്തിറങ്ങിയത് കഴിഞ്ഞ നവംബറിലാണ്.
നേരത്തെ വരമ്പാണ് അതിര്‍ത്തിയായി കണക്കാക്കിയിരുന്നത്. പൊക്കാളി പാടങ്ങളുടെയും ചെമ്മീന്‍കെട്ടുകളുടെയും പരിസരത്തു താമസിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കു വീട് നിര്‍മാണത്തിന് പെര്‍മിറ്റ് ലഭിക്കാന്‍ ഇപ്രകാരം തടസമുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബണ്ട് ഗേറ്റില്‍നിന്ന് 100 മീറ്ററിലേറെ അകലമുണ്ടായിട്ടും അനുമതി നിഷേധിച്ചതാണു ഹര്‍ജിക്കാരി ചോദ്യം ചെയ്തത്.