വീട് ജപ്തിക്ക് ബാങ്കുകാരെത്തി; വീട്ടമ്മ തീകൊളുത്തി മരിച്ചു
Saturday, January 11, 2025 2:17 AM IST
ഷൊർണൂർ: ബാങ്കുകാർ വീട് ജപ്തി ചെയ്യാനെത്തിയതോടെ വീട്ടമ്മ തീകൊളുത്തി മരിച്ചു. പട്ടാമ്പി കിഴായൂർ യുപി സ്കൂളിനു സമീപം കിഴക്കേപ്പുരയ്ക്കൽ ഉദയകുമാറിന്റെ ഭാര്യ ജയ(47)യാണു ജപ്തി നടപടിക്കിടെ ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
എൺപതു ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരെ ആദ്യം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
2015-ൽ ഷൊർണൂർ അർബൻ ബാങ്കിൽനിന്ന് രണ്ടു ലക്ഷം രൂപ ഇവർ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് നാലേമുക്കാൽ ലക്ഷം രൂപ കുടിശികയായി.
തുക തിരിച്ചുപിടിക്കാൻ കോടതി ഉത്തരവ് സഹിതം ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് ജയ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് പോലീസും പട്ടാമ്പി തഹസിൽദാറും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവയ്പിച്ചു. ജയയ്ക്കു രണ്ടു മക്കളുണ്ട്.