ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി
Saturday, January 11, 2025 2:17 AM IST
കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഹര്ജിക്കാരന് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നു പറഞ്ഞ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നു വ്യക്തമാക്കി.
ജാമ്യാപേക്ഷയില്‍ പോലീസിന്റെ വിശദീകരണം തേടി. കേസില്‍ പോലീസിന്റെയും മജിസ്ട്രേറ്റിന്റെയും നടപടിക്രമങ്ങളില്‍ പിഴവുകളുണ്ടായെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിള്ള വാദിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്നും പ്രോസിക്യൂഷന്റെ മറുപടി വരട്ടെയെന്നും കോടതി നിലപാടെടുത്തു. പൊതുജനമധ്യത്തില്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടേയെന്നും കോടതി ചോദിച്ചു.
ഇത്തരം പരാര്‍മശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന് കോടതിക്ക് ഉറപ്പു നല്കി. താന്‍ നിരപരാധിയാണെന്നാണു ബോബിയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്. പരാതിക്കിടയാക്കിയ സംഭവങ്ങളെല്ലാം പൊതുസമക്ഷത്തിലുള്ളതാണ്.
പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ മജിസ്ട്രേറ്റ് പരിശോധിച്ചില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതും ഇതേ മജിസ്ട്രേറ്റാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതു പക്ഷപാതപരവും നിയമവിരുദ്ധവുമാണ്.
കേസിനാധാരമായ കണ്ണൂരിലെ ഉദ്ഘാടനച്ചടങ്ങില്‍ തന്റെ സ്ഥാപനവുമായുള്ള 20 വര്‍ഷത്തെ സഹകരണം സംബന്ധിച്ച് പരാതിക്കാരി അഭിമാനത്തോടെയാണു സംസാരിച്ചിരുന്നത്. ചടങ്ങുകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. അഞ്ചു മാസത്തിനുശേഷം ഇത്തരമൊരു പരാതി നല്‍കിയത് ദുരുദ്ദേശ്യപരമാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
മൂന്നു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റത്തിന് അന്വേഷണഘട്ടത്തില്‍ത്തന്നെ ജയിലില്‍ അയച്ചതു നീതിയുക്തമല്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ വാദം.
നടിയുടെ പരാതിയില്‍ ബോബിക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.