കോടതിയലക്ഷ്യ കേസ്: സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം നേരിട്ടു ഹാജരാകണം
Friday, January 10, 2025 2:09 AM IST
കൊച്ചി: ഗതാഗതം തടസപ്പെടുത്തി പൊതുയോഗം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അടക്കമുള്ളവര്‍ ഫെബ്രുവരി പത്തിന് നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ രാഷ്ട്രീയനേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമടക്കം 19 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
വഞ്ചിയൂരിലെ സിപിഎം സമ്മേളനം, സെക്രട്ടേറിയറ്റിനു മുന്നിലെ ജോയിന്റ് കൗണ്‍സില്‍ ധര്‍ണ, ബാലരാമപുരത്തെ ജ്വാല വനിതാ ജംഗ്ഷന് പരിപാടി, കൊച്ചി കോര്‍പറേഷനു മുന്നിലെ കോണ്‍ഗ്രസ് ധര്‍ണ എന്നിവയുമായി ബന്ധപ്പെട്ട് മരട് സ്വദേശി എന്‍. പ്രകാശ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണു നടപടി.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്കും നോട്ടീസുണ്ട്. എന്നാല്‍, ഇരുവരെയും നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി. ഗതാഗതവും കാല്‍നട യാത്രയും തടസപ്പെടുത്തിയുള്ള യോഗങ്ങളെ ലാഘവത്തോടെ കാണാനാകില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിക്കാരന്റെയും അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന്റെയും വാദം കേട്ട കോടതി, പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്നു വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു.
തുടര്‍ന്നാണ് സിപിഎം നേതാക്കളായ എം.വി. ഗോവിന്ദന്, എം. വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്, വി. ജോയ്, വി.കെ. പ്രശാന്ത്, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്, ജയചന്ദ്രന് കല്ലിങ്കല്‍, കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എംഎല്‍എ, ഡൊമിനിക് പ്രസന്റേഷന്, പോലീസ് ഉദ്യോഗസ്ഥരായ ജി. സ്പര്‍ജന്‍കുമാര്‍, പുട്ട വിമലാദിത്യ, കിരണ്‍ നാരായണന്, ഡി. ഗിരിലാല്‍, അനീഷ് ജോയ്, പ്രജീഷ് ശശി എന്നിവരോടു നേരിട്ടു ഹാജരാകാൻ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.