സെന്റ് ഡൊമിനിക്സ് പള്ളിയിൽ തുടങ്ങിയ ‘ജയചന്ദ്രഗീതം’
Saturday, January 11, 2025 2:17 AM IST
വി.ആർ. ശ്രീജിത്ത്
കൊച്ചി: ഗായകന് പി. ജയചന്ദ്രന്റെ പാട്ടുജീവിതത്തിന് ആദ്യത്തെ ഈണം പകർന്നത് ആലുവയിലെ പള്ളിയും പരിസരങ്ങളുമാണ്. സ്കൂൾ വിദ്യാർഥിയായിരിക്കുന്പോൾ ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയിലെ പാട്ടുകളിലും ഗാനമേളകളിലും ജയചന്ദ്രനും ഉണ്ടായിരുന്നു.
ആലുവ തോട്ടയ്ക്കാട്ടുകര ശിവക്ഷേത്രത്തിനു സമീപത്തെ വാടകവീട്ടിലായിരുന്നു കുഞ്ഞുനാളിൽ മാതാപിതാക്കള്‍ക്കൊപ്പം ജയക്കുട്ടന്റെ (ജയചന്ദ്രൻ) താമസം. അയല്‍വാസിയായ വര്‍ഗീസ് വള്ളുവശേരിക്കായിരുന്നു പള്ളിയിലെ ഗായകസംഘത്തിന്റെ ചുമതല. ഒപ്പം ഗാനമേളകളുടെയും സ്റ്റേജ് പരിപാടികളുടെയും സംഘാടകൻകൂടിയായ വർഗീസ്, ജയചന്ദ്രന്റെ പാടാനുള്ള കഴിവറിഞ്ഞ് പള്ളിയിലേക്കു ക്ഷണിച്ചു.
ക്രിസ്തീയ ഭക്തിഗാനങ്ങള്‍ പഠിപ്പിച്ചു. വൈകാതെ ഗാനമേള വേദികളിലും സജീവമായി. ഗാനമേളകളില്‍ ആദ്യ പാട്ടുകാരൻ ജയചന്ദ്രനായിരുന്നു. കൂടാതെ സുശീലാമ്മയുടെ പാട്ടുകളും പാടുമായിരുന്നുവെന്ന് അക്കാലത്തുള്ളവർ ഓർക്കുന്നു. സംഗീത അധ്യാപകനായ രാമസുബ്ബയ്യന്‍ ആലുവയിലെ വീട്ടില്‍ വന്ന് ജയചന്ദ്രനെ സംഗീതം പഠിപ്പിച്ചിരുന്നു.
തന്നെ ആദ്യമായി വേദിയിൽ കയറി പാടാൻ പ്രചോദിപ്പിച്ചത് വർഗീസ് ചേട്ടനായിരുന്നെന്ന് ജയചന്ദ്രൻ പിൽക്കാലത്തു പറഞ്ഞിട്ടുണ്ട്. എഫ്എസിടിയിൽ ജീവനക്കാരൻകൂടിയായിരുന്നു വർഗീസ്.
കൊച്ചി രാജകുടുംബാംഗമായ തൃപ്പൂണിത്തുറ കോവിലകത്ത് രവിവര്‍മ കൊച്ചനിയന് തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രകുഞ്ഞമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി പനമ്പിള്ളിനഗര്‍ രവിപുരം ഭദ്രാലയം കൊട്ടാരത്തിൽ പിറന്ന ജയചന്ദ്രന്റെ സ്കൂൾപഠനത്തിന്റെ ഒരു ഘട്ടം ആലുവയിലായിരുന്നു.
തോട്ടയ്ക്കാട്ടുകര ശിവക്ഷേത്രത്തിനു സമീപമുള്ള കണ്ണൂപിള്ള എന്ന വാടകക്കെട്ടിടത്തിലായിരുന്നു താമസം. ആലുവ സെന്റ് മേരീസ് സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മയുടെ ആഗ്രഹപ്രകാരം മൃദംഗവും പഠിച്ചുതുടങ്ങി.