ഒന്നാം വിള സംഭരണം കഴിഞ്ഞിട്ട് 100 ദിനം; നെൽകര്‍ഷകര്‍ക്കു കിട്ടാനുള്ളത് 291 കോടി
Friday, January 10, 2025 2:45 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: കഴിഞ്ഞ ഒന്നാം വിള സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയിൽ കർഷകർക്കു കിട്ടാനുള്ളത് 290.99 കോടി രൂപ. നൂറു ദിനം കഴിഞ്ഞിട്ടും തുക കിട്ടാത്തതിനാൽ കർഷകർ കടുത്ത ദുരിതത്തിലായി.
വിവിധ ജില്ലകളിലായി 55,068 കര്‍ഷകരില്‍നിന്നായി 13.60 കോടി കിലോ നെല്ലാണ് സിവില്‍ സപ്ലൈസ് വകുപ്പ് സംഭരിച്ചത്. ഇതിന് 384.98 കോടി രൂപയാണ് കര്‍ഷകര്‍ക്കു നല്‍കേണ്ടത്.
ഇതില്‍ 93.99 കോടി രൂപ മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ബാക്കി 290.99 കോടിയോളം രൂപ കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഇന്നലെ പുറത്തിറക്കിയ രേഖകളില്‍ ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബർ അവസാനത്തോടെ സംഭരിച്ച നെല്ലിന്റെ വിലയാണ് ഇനിയും ലഭ്യമാക്കാത്തത്.
ഒന്നാം കൃഷിയുടെ പണം ലഭിക്കാനിരിക്കെ കര്‍ഷകര്‍ പുഞ്ചകൃഷി ഇറക്കിയിട്ട് രണ്ടുമാസം പിന്നിടുകയാണ്. സ്വര്‍ണപ്പണയവും വായ്പയുമെടുത്ത് ഒന്നാം വിള കൃഷി നടത്തി കടക്കെണിയിലായ കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം ലഭിക്കാത്തത് കനത്ത പ്രഹരമായിരിക്കുന്ന സാഹചര്യത്തിലാണ് വന്‍ തുകമുടക്കി പുഞ്ചകൃഷിയിറക്കിയിരിക്കുന്നത്.
ഈ കൃഷിയിറക്കിയശേഷം കനത്ത മഴയില്‍ വിവിധ പാടശേഖങ്ങളിലുണ്ടായ മടവീഴ്ചയും കര്‍ഷകര്‍ക്ക് ആഘാതമായിട്ടുണ്ട്. കൃഷിനഷ്ടവും പണം കിട്ടാത്തതുമെല്ലാം കർഷകരെ കടക്കെണിയിലാക്കിക്കഴിഞ്ഞു.
സംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും 10 ദിവസത്തിനകം നല്‍കുമെന്ന് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പു കാലത്ത് സിവില്‍ സപ്ലൈസ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംഭരിച്ച നെല്ലിന്റെ വിലയ്ക്കായി കര്‍ഷകര്‍ എസ്ബിഐ, കാനറാ ബാങ്കുകളുടെ വിവിധ ശാഖകളില്‍ കയറിയിറങ്ങുകയാണ്.
നെല്ല് സംഭരണ ഇനത്തില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കില്‍ 60 കോടിയും ചിറ്റൂര്‍ താലൂക്കില്‍ 53 കോടിയും വിതരണം ചെയ്യാനുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ 49 കോടിയും അമ്പലപ്പുഴ താലൂക്കില്‍ 31 കോടി രൂപയും വിതരണം ചെയ്യാനുണ്ട്.