ഉമ തോമസിനെ മുറിയിലേക്കു മാറ്റി
Friday, January 10, 2025 1:09 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി.
തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്കു മാറ്റിയ ഉമ ഇന്നലെ വോക്കറിന്റെ സഹായത്തോടെ 15 അടിയോളം നടന്നു. നല്ല രീതിയില്‍ സംസാരിക്കുന്നുമുണ്ട്. തലച്ചോറിനേറ്റ പരിക്ക് വേഗത്തില്‍ ഭേദമായി വരുന്നു.
നെഞ്ചിന്റെ ഭാഗത്തെ മുറിവ് മുന്പത്തേ അപേക്ഷിച്ച് വളരെ ഭേദമായിട്ടുണ്ട്. അതേസമയം വാരിയെല്ലിനുണ്ടായ പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നും ഡോ.കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
റസ്പറേറ്ററി തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി എന്നിവയാണ് ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സ. അപകടദിവസത്തെ കാര്യങ്ങളൊന്നും എംഎല്‍എയ്ക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. അപകടത്തിന്റെ വീഡിയോ മകന് മൊബൈലില്‍ കാണിച്ചപ്പോള്‍ ഞെട്ടലോടെയാണു ദൃശ്യങ്ങള്‍ കണ്ടത്. ഇത്രയുമൊക്കെ സംഭവിച്ചോ എന്ന് ചുറ്റും നിന്നവരോടായി എംഎല്‍എ ചോദിച്ചു.
അണുബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം. അപകടത്തെത്തുടര്‍ന്ന് വാരിയെല്ലിന്റെ ഭാഗങ്ങള്‍ തറച്ചുകയറി ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിരുന്നു. അതിപ്പോള്‍ ഭേദമായിട്ടുണ്ട്. ഇനിയുമൊരു അണുബാധ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. ന്യുമോണിയയ്ക്കെതിരായ മുന്‍കരുതലുകളും ഡോക്ടര്‍മാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരാഴ്ചത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
വീണ്ടുമൊരു ഗുരുതര സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഏഴു ദിവസത്തേക്ക് സന്ദര്‍ശനം ഒഴിവാക്കണമെന്ന് മകന് വിഷ്ണുവും അഭ്യര്‍ഥിച്ചു. ഏഴു ദിവസത്തിനുശേഷം വീട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷ ഡോക്ടര്‍മാരും പങ്കുവയ്ക്കുന്നു.