ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ചേക്കും
Saturday, January 11, 2025 2:17 AM IST
കൊച്ചി: സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വലിയ കാനുകളില്‍ വെള്ളം ലഭ്യമാക്കി ഗ്ലാസുകളില്‍ പകര്‍ന്നു കുടിക്കുന്ന രീതിയാണു നല്ലതെന്ന് കോടതി പറഞ്ഞു. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റർ ചെയ്ത ഹര്‍ജിയാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
വിവാഹച്ചടങ്ങുകളിലടക്കം ചെറിയ പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാനാകും. തമിഴ്നാട്ടിലെ ഹില്‍ സ്റ്റേഷനുകളുടെ കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിവിധി മാതൃകാപരമാണ്. അവിടെ ചെറിയ കുപ്പികള്‍ നിരോധിക്കുകയും ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. -ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൊടൈക്കനാല്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് ബോട്ടില്‍ നിരോധനത്തിന്റെ വിശദാംശങ്ങള്‍ തേടിയതായി കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ തദ്ദേശവകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമ അറിയിച്ചു.
സംസ്ഥാനത്ത് അര ലിറ്ററില്‍ താഴെയുള്ള മിനറല്‍ വാട്ടര്‍ കുപ്പികള്‍ നിരോധിക്കുന്നത് പരിഗണനയിലുണ്ട്. സല്‍ക്കാരച്ചടങ്ങുകള്‍ നടക്കുന്ന ഓഡിറ്റോറിയങ്ങളുടെ കണക്കെടുപ്പ് ഈ മാസം പൂര്‍ത്തിയാകും. അവരുടെ ഭാഗത്തുനിന്നുള്ള മാലിന്യസംസ്കരണം ഉറപ്പാക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.