അർത്തുങ്കൽ തിരുനാളിന് കൊടിയേറി
Saturday, January 11, 2025 2:17 AM IST
ചേര്‍ത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ 379-ാമത് മകരം തിരുനാളിനു കൊടിയേറി. വൈകുന്നേരം 4.30ന് ബസിലിക്ക റെക്ടർ റവ. ഡോ. യേശുദാസ് കാട്ടുങ്കല്‍ത്തയ്യിൽ വിശുദ്ധന്റെ നടയിൽ കൊടി സമർപ്പിച്ച് പ്രത്യേക പ്രാർഥനകൾ നടത്തി.
തുടർന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ കൊടിയേറ്റുകർമം നിർവഹിച്ചു. പതിനെട്ടു ദിനരാത്രങ്ങൾ നീളുന്ന ചരിത്ര പ്രസിദ്ധമായ മകരം തിരുനാളിനു ഇതോടെ തുടക്കമായി. പൊന്തിഫിക്കൽ ദിവ്യബലിക്ക് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.
18ന് രാവിലെ അഞ്ചിനാണ് തിരുസ്വരൂപ നടതുറക്കൽ. തുടർന്ന് ഫാ. പോൾ ജെ. അറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുസ്വരൂപ വന്ദനം. വൈകുന്നേരം ആറിന് വാരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി.
പ്രധാന തിരുനാൾ ദിനമായ 20ന് രാവിലെ 11ന് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി. വൈകുന്നേരം 4.30ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം.
എട്ടാമിടമായ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ സമൂഹബലി. 4.30ന് ഫാ. സിൽവെസ്റ്റർ കോട്ടേജ് മുഖ്യകാർമികനാകുന്ന തിരുനാൾ പ്രദക്ഷിണം. രാത്രി 10.30 ന് കൃതജ്ഞത സമൂഹദിവ്യബലി. 12നു തിരുസ്വരൂപവന്ദനത്തിനു ശേഷം നടയടയ്ക്കലോടെ തിരുനാളിനു സമാപനമാകും.