നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവം: ഹൈക്കോടതി വിശദീകരണം തേടി
Friday, January 10, 2025 1:09 AM IST
കൊച്ചി: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞതും ഒട്ടകത്തെ ഇറച്ചിക്കായി കൊണ്ടുവന്നതുമായ സംഭവങ്ങളില്‍ ഹൈക്കോടതി വിശദീകരണം തേടി.
പുതിയങ്ങാടിയില്‍ ജനങ്ങളും ആനകളും തമ്മില്‍ എത്ര അകലം പാലിച്ചിരുന്നു എന്നതടക്കം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അനുമതി നല്കിയതു സംബന്ധിച്ചും ജില്ലാ കളക്ടര്‍ വിശദീകരണം നല്‍കണം.
കൂടാതെ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയ സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന ദേവസ്വം ഓഫീസര്‍ രഘുരാമന് സ്വീകരണം നല്കിയ സംഭവത്തെ ഹൈക്കോടതി വിമര്‍ശിച്ചു.
കോടതിനടപടികളെ തമാശയായി കാണുകയാണോയെന്നു കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി കോടതിയില്‍ ഹാജരായിരുന്ന രഘുരാമനോട് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു.
ജനങ്ങളുടെ ജീവന് വച്ചാണ് ഈ കളി. ഭഗവാന്റെ പേരിലാണിതെല്ലാം ചെയ്യുന്നത്. പത്തുപേര്‍ കൂടി നിന്ന് കൈയടിച്ചതിന്റെ പേരില്‍ ഹീറോയാകാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
പൊന്നാട അണിയിച്ചത് ആരാണെന്ന് അറിയിക്കണമെന്നും നിയമത്തെ വെല്ലുവിളിക്കാനാണു ശ്രമമെങ്കില്‍ പാഠം പഠിപ്പിക്കുമെന്നും രഘുരാമന് കോടതി മുന്നറിയിപ്പ് നല്കി.
ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണു തൃപ്പൂണിത്തുറ ക്ഷേത്രോത്സവത്തില്‍ അതു പാലിക്കപ്പെടാതെ പോയത്. അതിനാല്‍ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും നിര്‍ദേശിച്ചു.