കളക്്ടറേറ്റുകളിലെ ഫയൽ തീർപ്പാക്കലിന് സമയപരിധി നിശ്ചയിക്കാൻ നിർദേശം
Friday, January 10, 2025 1:09 AM IST
തിരുവനന്തപുരം: കളക്്ടറേറ്റുകളിലെ ഫയൽ തീർപ്പാക്കലിനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യമെങ്കിൽ പ്രത്യേക അദാലത്ത് വിവിധ തലത്തിൽ നടത്തണമെന്നും കളക്്ടർമാരോടു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
പ്രധാന മാർക്കറ്റുകളിൽ നിത്യോപയോഗ സാധന വില നിലവാരപ്പട്ടിക പ്രദർശിപ്പിക്കാനുള്ള നടപടിയെടുക്കണം. ജില്ലകളിലെ റോഡപകടം തടയാൻ മോട്ടോർ വാഹന വകുപ്പും പോലീസും ജില്ലാ കളക്ടറും ചേർന്ന് നടപടിയെടുക്കണം.
സർക്കാർ ഓഫീസുകൾ സൗരോർജത്തിലേക്ക് മാറ്റാൻ നടപടിയുണ്ടാകണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂർണമായും സൗരോർജ്ജത്തിലേക്ക് മാറ്റി മാതൃകാ സൗരോർജ പഞ്ചായത്താക്കണം. വയനാട് ചൂരൽമലയിലെ ദുരന്തബാധിതർക്ക് നിർമിക്കുന്ന വീടുകളിൽ പുരപ്പുറ സൗരോർജ സംവിധാനം സിയാൽ സ്ഥാപിക്കും.
സർക്കാർ ഓഫീസുകൾക്ക് നേരെയുള്ള അക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു.