റഫിയുടെ ടൈ, ഭാവഗായകനതു സ്വപ്നസമ്മാനം
Saturday, January 11, 2025 2:17 AM IST
തൃശൂർ: “ഏതൊരു അവാർഡിനെക്കാളും വലുതാണീ അവാർഡ്’’, മുഹമ്മദ് റഫിയുടെ ടൈ ചേർത്തുപിടിച്ച് പി. ജയചന്ദ്രൻ പറയുന്പോൾ തൊണ്ടയിടറിയിരുന്നു, സന്തോഷാശ്രുക്കൾ പൊഴിഞ്ഞിരുന്നു.
റേഡിയോയിൽ റഫിയുടെ ഗാനങ്ങൾ കേൾക്കുന്പോൾ ജയചന്ദ്രൻ കരയുമായിരുന്നു. എന്തിനാണു കരയുന്നതെന്നു ജയചന്ദ്രനുതന്നെ അറിയുമായിരുന്നില്ല. അത്രമേൽ ഹൃദയത്തെ സ്പർശിച്ചിരുന്ന റഫിയുടെ ശബ്ദമാസ്മരികതയിൽ സ്വയം അലിഞ്ഞില്ലാതായി താൻ കരയുകയായിരുന്നുവെന്നാണു ജയചന്ദ്രൻ വിശ്വസിച്ചിരുന്നത്.
ജയചന്ദ്രനു റഫിയുടെ ഗാനങ്ങളോടും റഫിയെന്ന ഗായകനോടുമുള്ള കടുത്ത ആരാധനയും സ്നേഹവും റഫിയുടെ കുടുംബത്തെ അറിയിച്ചതു തൃശൂർ എൻജിനീയറിംഗ് കോളജിലെ പൂർവവിദ്യാർഥിയും ജയചന്ദ്രന്റെ കുടുംബസുഹൃത്തുമായ എൻ.ആർ. വെങ്കിടാചലമാണ്.
റഫിയുടെ കുടുംബവുമായി വെങ്കിടാചലം അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിൽനിന്നു ജയചന്ദ്രന്റെ ആരാധന കേട്ടറിഞ്ഞ റഫിയുടെ കുടുംബാംഗങ്ങൾ വെങ്കിടാചലം തൃശൂരിലേക്കു പോകുന്നുവെന്നറിഞ്ഞപ്പോൾ ജയചന്ദ്രനൊരു ഉപഹാരം കൊടുത്തയയ്ക്കുകയായിരുന്നു.
രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനിൽനിന്നു മുഹമ്മദ് റഫി പദ്മശ്രീ അവാർഡ് സ്വീകരിക്കുന്പോൾ അണിഞ്ഞിരുന്ന ടൈ ആണു റഫിയുടെ കുടുംബം ജയചന്ദ്രനുള്ള സ്നേഹോപഹാരമായി കൊടുത്തയച്ചത്. കൂടെ റഫിയുടെ മരുമകൻ പർവേഷിന്റെ വീഡിയോ സന്ദേശവും റഫിയുടെ കൈയൊപ്പിട്ട ചിത്രവും.
വീഡിയോ സന്ദേശത്തിൽ പർവേഷ് ഇങ്ങനെ പറഞ്ഞു: “താങ്കളെപ്പോലൊരു വലിയ ഗായകൻ ഇത്രയും ആരാധനയോടെ റഫി സാഹിബിനെ ഓർക്കുന്നതു കുടുംബത്തിൽ എല്ലാവരെയും ഏറെ സന്തോഷിപ്പിക്കുന്നു.’’
നിനച്ചിരിക്കാതെ തനിക്കു ലഭിച്ച ഈ ഉപഹാരം ജയചന്ദ്രൻ ഇരുകൈകളും നീട്ടി സ്വീകരിച്ച് ആരാധനയോടെ, അതിലേറെ സ്നേഹത്തോടെ കണ്ണുകളോടു ചേർത്തുവച്ചു. കൊച്ചുകുട്ടികളെപ്പോലെ സന്തോഷംകൊണ്ട് വിതുന്പിക്കൊണ്ട് പറഞ്ഞു...
“എനിക്കു റഫി ദൈവമാണ്. ഗുരുവായൂരപ്പനെ നമസ്കരിക്കുംപോലെ റഫിയെയും ഞാൻ നമസ്കരിക്കുന്നു. ഇനി എനിക്കൊരു ബഹുമതിയും വേണ്ട...ഇതിനപ്പുറം ഒന്നും കിട്ടാനില്ല...’’
റേഡിയോയിൽ റഫിയുടെ പാട്ടുകൾ കേൾക്കുന്പോൾ കരയാറുള്ള ആ പഴയ ജയചന്ദ്രനെപ്പോലെ ജയചന്ദ്രൻ വീണ്ടും കരഞ്ഞു...എന്തിനെന്നറിയാതെ..!