മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ കരിങ്കൊടി; കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് അടിച്ചുതകർത്തു
Saturday, December 16, 2023 4:44 AM IST
ആലപ്പുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസിനോടനുബന്ധിച്ച് കരിങ്കൊടി പ്രതിഷേധമുണ്ടായതിനു പിന്നാലെ ആലപ്പുഴയിൽ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്റെ വീടിനു നേരേ ആക്രമണം.
12 പേര് അടങ്ങുന്ന സിഐടിയു-ഡിവൈഎഫ്ഐ സംഘം ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കളര്‍കോടുള്ള വീടിനുനേരേ ആക്രമണം നടത്തിയത്.
കൈതവനയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെയായിരുന്നു വീടിനു നേരേ ആക്രമണമുണ്ടായത്.
ജനൽച്ചില്ലുകൾ എറിഞ്ഞുതകർത്ത അക്രമികൾ വീടിനുള്ളില്‍ കയറി കണ്ണില്‍ക്കണ്ടതെല്ലാം തകര്‍ത്തു. ഇരുമ്പുവടികളുമായാണ് അക്രമികളെത്തിയതെന്ന് ജോബിന്റെ ഭാര്യ ത്രേസ്യാമ്മ പറഞ്ഞു. ബഹളംകേട്ടെത്തിയ ത്രേസ്യാമ്മയെ കഴുത്തിനു പിടിച്ചുതള്ളി. കാലിനു സുഖമില്ലാത്തതാണെന്നും ഒന്നും ചെയ്യരുതെന്നും താൻ അവരോട് അപേക്ഷിച്ചു. ഉടൻതന്നെ മുറിയിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും ത്രേസ്യാമ്മ പറഞ്ഞു.
പരിചയമുള്ള സിഐടിയു പ്രവര്‍ത്തകരാണ് വീട് ആക്രമിച്ചതെന്നാണ് ജോബ് പറഞ്ഞത്. പോലീസെത്തിയാണ് അക്രമികളെ വീട്ടിൽനിന്നു പുറത്താക്കിയത്. പിന്നീട് സൗത്ത് പോലീസ് സ്ഥലത്തെത്തി കേസെടുക്കുകയും ജോബിന്റെയും ത്രേസ്യാമ്മയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് രണ്ടു പേരെ പിടികൂടിയിട്ടുണ്ട്.
നവകേരള സദസിന്റെ ജില്ലയിലെ രണ്ടാംദിന പര്യടനത്തിൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും നേരേ കൈതവന ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗങ്ങളാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.
വൻ പോലീസ് വലയത്തെ ഭേദിച്ച് ജില്ലാ പ്രസിഡന്റ് എം. പി. പ്രവീണിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസും അകമ്പടി വാഹനങ്ങളും കുറച്ചു സമയം തടഞ്ഞിട്ടു കരിങ്കൊടി കാട്ടി. തുടർന്ന് ഇവരെ ആക്രമിക്കാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരും തിരിച്ചടിച്ചു. ഇതോടെ വൻ സംഘർഷമായി. പോലീസ് ഏറെ പണിപ്പെട്ടാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു വാഹനങ്ങൾ കടത്തിവിട്ടത്.