ശബരിമല വരുമാനത്തിൽ 15.89 കോടിയുടെ വർധന
Saturday, November 30, 2024 1:18 AM IST
ശബരിമല: മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമല നട തുറന്ന് 12 ദിവസങ്ങൾ പിന്നിടുന്പോൾ വരുമാനത്തിൽ മുൻവർഷത്തേക്കാൾ 15,89,12,575 രൂപ അധികം ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. 87,999 പേരാണ് വ്യാഴാഴ്ച മാത്രം ദർശനത്തിനെത്തിയത്.
63,01,14,111 രൂപയാണ് 12 ദിവസത്തെ ആകെ വരുമാനം. അപ്പം, അരവണ വിൽപനയിലും വൻ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് 12-ാം ദിവസം വരെ അപ്പം വില്പന വഴി ലഭിച്ചത് 3,13,99,245 രൂപയും ഈ തീർഥാടന കാലത്ത് അപ്പം വില്പനവരവ് 3,53,28,555 രൂപയുമാണ്. അപ്പം വില്പനയിൽ 39,29310 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ തീർഥാടനകാലത്ത് ആദ്യത്തെ 12 ദിവസം അരവണ വില്പനയിലൂടെ ലഭിച്ചത് 19,40,51,790 രൂപയാണ് . ഇത്തവണ 28,93,86,310 രൂപയാണ് അരവണ വില്പനയിലൂടെ ലഭിച്ചത്. അരവണ വില്പനയിലൂടെ 9,53,34,520 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്.
വെർച്വൽ ക്യു വിജയകരമായാണ് നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. തൽസമയ ബുക്കിംഗിൽ പരമാവധി ഭക്തരെ കടത്തിവിടുന്നതിനായി പമ്പയിൽ മാത്രം എട്ട് കൗണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്. ഭക്തർ തങ്ങളുടെ ആധാർ കാർഡ് മാത്രം കൈയിൽ കരുതിയാൽ മതിയാകുമെന്നും പ്രസിഡന്റ് പറഞ്ഞു.