അറബ് രാജ്യങ്ങളിൽനിന്ന് 700 കോടി തട്ടിയ മലയാളി റിമാൻഡിൽ
Friday, November 29, 2024 2:58 AM IST
തലശേരി: നാല് ഗൾഫ് രാജ്യങ്ങളിൽനിന്നായി 700 കോടി രൂപ തട്ടിയെടുത്ത കണ്ണൂർ സ്വദേശിയെ റിമാൻഡ് ചെയ്തു.
ഖത്തർ ആസ്ഥാനമായുള്ള ഗ്രാന്റ് മാർട്ട് മാനേജിംഗ് ഡയറക്ടർ പാനൂർ മേക്കുന്ന് സ്വദേശി ഇസ്മയിൽ ചക്കാറത്തിനെ കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാളെ കോഴിക്കോട് കോടതിയാണ് റിമാൻഡ് ചെയ്തത്.
ഖത്തർ, ഒമാൻ, യുഎഇ, സൗദ്യ അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഗ്രാൻഡ് മാർട്ടിന്റെ ചെയർമാനായ ഇസ്മയിലും സഹോദരങ്ങളും ചേർന്ന് 700 കോടിയിലേറെ രൂപയാണ് അറബ് രാജ്യങ്ങളിലെ വിവിധ ബാങ്കുകളിൽ നിന്നായി തട്ടിയെടുത്തിട്ടുള്ളതെന്നാണു പുറത്തുവരുന്ന വിവരം. ഇതിൽ ഒരു ബാങ്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിട്ടുള്ളത്. ഇസ്മയിലിന്റെ സഹോദരൻ സമാന സ്വഭാവമുള്ള കേസിൽ അറസ്റ്റിലായി ഖത്തർ ജയിലിലാണ്.
കേരളത്തിലെ വിവിധ ജില്ലകളിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യ പ്രതിയെ പിടികൂടിയത്.
അറബ് രാജ്യങ്ങളിലെ ബാങ്കുകളിൽനിന്നു തട്ടിയെടുത്ത തുക അനധികൃത വഴികളിലൂടെ കേരളത്തിൽ എത്തിക്കുകയും ബേനാമി ഇടപാടുകളിലൂടെ വിവിധ ജില്ലകളിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുള്ളതായും റിപ്പോർട്ടുണ്ട്.
ഇസ്മയിലിന്റെയും സഹോദരങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിവിധ അന്വേഷണ ഏജൻസികൾ മരവിപ്പിച്ചിരിക്കുകയാണ്. ഗ്രാന്റ് മാർട്ട് ഹൈപ്പർ മാർക്കറ്റിന്റെ നിരവധി ശാഖകളാണു നാല് രാജ്യങ്ങളിലായി പ്രവർത്തിച്ചിരുന്നത്.
വലിയ ഹോൾസെയിൽ ശ്യംഖലകളും സ്ഥാപനത്തിനുണ്ടായിരുന്നു. ഇതിനിടെയാണ് ബാങ്കുകളിൽനിന്നു കോടികൾ വായ്പയെടുത്ത് കേരളത്തിലേക്ക് കടത്തിയെന്ന് വിവിധ അന്വഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.