തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3,283 കോടി രൂപകൂടി അനുവദിച്ചു
Friday, November 29, 2024 2:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3,283 രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1,905 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റിന്റെ മൂന്നാം ഗഡു 1,377 കോടി രൂപയുമാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകൾക്ക് ആകെ 1,929 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 320 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തുകൾക്ക് 375 കോടിയും, മുനിസിപ്പാലിറ്റികൾക്ക് 377 കോടിയും വകയിരുത്തി. കോർപറേഷനുകൾക്ക് 282 കോടിയും അനുവദിച്ചു.
വികസന ഫണ്ടിൽ ഗ്രാമപഞ്ചായത്തുകൾക്ക് 1,000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 245 കോടി വീതവും മുനിസിപ്പാലിറ്റികൾക്ക് 193 കോടിയും കോർപറേഷനുകൾക്ക് 222 കോടിയും ലഭിക്കും. മെയിന്റനൻസ് ഗ്രാന്റിലും ഗ്രാമപഞ്ചായത്തുകൾക്ക് 929 കോടി രുപയുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകൾക്ക് 75 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 130 കോടിയും മുനിസിപ്പാലിറ്റികൾക്ക് 184 കോടിയും കോർപറേഷനുകൾക്ക് 60 കോടിയുമുണ്ട്.