അറബിക്കടലില്‍നിന്ന് 500 കിലോ രാസലഹരി പിടികൂടി
Saturday, November 30, 2024 1:18 AM IST
കൊച്ചി: ഇന്ത്യന്‍ - ശ്രീലങ്കന്‍ നാവികസേനകള്‍ സംയുക്തമായി അറബിക്കടലില്‍ നടത്തിയ പരിശോധനയില്‍ 500 കിലോ രാസലഹരി പിടികൂടി.
ശ്രീലങ്കന്‍ പതാകയുള്ള രണ്ടു മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് ഏകദേശം 75 കോടിയോളം വിപണിവിലയുള്ള ക്രിസ്റ്റല്‍ മെത്ത് ആണു പിടികൂടിയത്. രണ്ടു ബോട്ടുകളും ഇതിലുണ്ടായിരുന്ന ഒമ്പത് ജീവനക്കാരെയും തുടര്നിയമനടപടിക്കായി ശ്രീലങ്കന്‍ നാവികസേനയ്ക്കു കൈമാറി.
ശ്രീലങ്കന്‍ പതാകയുള്ള മത്സ്യബന്ധന ബോട്ടുകള്‍ മയക്കുമരുന്ന് കടത്താന്‍ സാധ്യതയുള്ളതായി ശ്രീലങ്കന്‍ നാവികസേനയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ദക്ഷിണ നാവിക ആസ്ഥാനത്തെ കപ്പലിന്റെയും രണ്ട് വിമാനങ്ങളുടെയും സഹായത്തോടെയാണ് ഒമ്പത് ജീവനക്കാരെയും രാസലഹരിയും നാവികസേന പിടികൂടിയത്. ലോംഗ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റിന്റെയും റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റിന്റെയും സഹായത്തോടെയാണ് ബോട്ടുകളെ നിരീക്ഷിച്ചത്. ഗുഡ്ഗാവിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്ററിന്റെ സഹായത്തോടെയാണു നാവികസേന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
പ്രാദേശിക സമുദ്ര വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇരു നാവികസേനകളുടെയും യോജിച്ച പ്രവര്‍ത്തനത്തിന് അടിവരയിടുന്നതാണ് മയക്കുമരുന്ന് പിടികൂടിയ സംഭവമെന്ന് ദക്ഷിണമേഖല നാവിക ആസ്ഥാനം പത്രക്കുറിപ്പില്‍ അറിയിച്ചു.