മുനന്പം ജുഡീഷൽ കമ്മീഷന് രണ്ടു പരിഗണനാവിഷയങ്ങൾ
Friday, November 29, 2024 3:53 AM IST
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടുയർന്ന തർക്കം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷൽ അന്വേഷണ കമ്മീഷന്റെ പരിഗണനാവിഷയങ്ങളിൽ രണ്ടെണ്ണം മാത്രം ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കി.
മുനന്പം തർക്കഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താത്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റീസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മീഷനോടു സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യണമെന്നും പരിഗണനാ വിഷയത്തിൽ ഉൾപ്പെടുത്തി.
പഴയ തിരുവിതാംകൂർ സംസ്ഥാനത്തിൽ ഉൾപ്പെട്ട വടക്കേക്കര വില്ലേജിലെ പഴയ സർവേ നന്പർ 18/1 ലെ ഭൂമിയുടെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ വിലയിരുത്തുന്നതും കമ്മീഷന്റെ ആദ്യ പരിഗണനാവിഷയമായി ഉൾപ്പെടുത്തി.
ജുഡീഷൽ അന്വേഷണത്തിന് മൂന്നുമാസം സമയം അനുവദിച്ചു. എന്നാൽ, ഹിയറിംഗ് നടത്തി മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് കമ്മീഷൻ പറയുന്നത്. മുനന്പത്തെ സ്ഥിരതാമസക്കാരുടെ കൈവശ രേഖകൾ അടക്കം പരിശോധിച്ചു വേണം നടപടി സ്വീകരിക്കാൻ.
കമ്മീഷന് ആവശ്യമായ ഓഫീസും മറ്റു സംവിധാനങ്ങളും വന്ന ശേഷം തുടർ നടപടികളിലേക്കു കടക്കും. കമ്മീഷന് ആവശ്യമായ ഔദ്യോഗിക സംവിധാനങ്ങൾ ഒരുക്കി നൽകാൻ എറണാകുളം ജില്ലാ കളക്ടറെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു.