ക്ഷേമപെൻഷൻ തട്ടിപ്പ് അന്വേഷണം; താത്കാലിക, കരാർ ജീവനക്കാരിലേക്കും
Friday, November 29, 2024 3:53 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനി അന്വേഷണം നീളുന്നത് സർക്കാർ സർവീസിലെ താത്കാലിക, കരാർ ജീവനക്കാരിലേക്ക്. നിലവിൽ വിവിധ വകുപ്പുകളിലായി ജോലി നോക്കുന്ന താത്കാലിക-കരാർ ജീവനക്കാർ സാമൂഹികസുക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള നടപടികൾ തുടങ്ങാനാണു നിർദേശം.
സംസ്ഥാന സർക്കാരിനു കീഴിലുളള 1458 സ്ഥിരം ജീവനക്കാർ അർഹതയില്ലാതെ ക്ഷേമപെൻഷൻ കൈപ്പറ്റി കോടികളുടെ സാന്പത്തിക തട്ടിപ്പു നടത്തിയതായി കഴിഞ്ഞ ദിവസം ധനവകുപ്പു കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് താത്കാലിക- കരാർ ജീവനക്കാർ ഇത്തരം തട്ടിപ്പു നടത്തുന്നുണ്ടോയെന്നു പരിശോധിക്കാൻ നിർദേശം നൽകിയത്. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് സാമൂഹികസുരക്ഷാ പെൻഷനുകൾക്ക് അർഹതയില്ലെന്നാണു ചട്ടം.
സാന്പത്തികതട്ടിപ്പു നടത്തിയ സർക്കാർ ജീവനക്കാർക്കെതിരേ കടുത്ത വകുപ്പുതല നടപടികൾ സ്വീകരിക്കാനാണു സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിവന്ന ജീവനക്കാരുടെ വിവരവും തുക അടക്കമുള്ള മറ്റു കാര്യങ്ങളും ധനവകുപ്പ് ഇവർ ജോലി നോക്കുന്ന ബന്ധപ്പെട്ട വകുപ്പുകൾക്കു നൽകും.
കേരള സർവീസ് ചട്ടം (കെഎസ്ആർ) അനുസരിച്ചു ജീവനക്കാരൻ മറ്റു ജോലികൾ ചെയ്യാനോ പ്രതിഫലം സ്വീകരിക്കാനോ പാടില്ലെന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, ശന്പളം വാങ്ങുന്നതിനൊപ്പം സർക്കാരിന്റെതന്നെ സാമൂഹികസുരക്ഷാ പെൻഷനും കൈപ്പറ്റിവന്നത് ഗുരുതര അച്ചടക്ക ലംഘനമായാണു കണക്കാക്കുന്നത്. ഇതോടൊപ്പം പിഴപ്പലിശ സഹിതം ഇതുവരെ കൈപ്പറ്റിയ തുക തിരിച്ചടയ്ക്കേണ്ടി വരും.
സാധാരണയായി 18 ശതമാനം പിഴപ്പലിശയോടെ തുക തിരിച്ചുപിടിക്കുന്ന നടപടികളാണ് സ്വീകരിക്കുക. തുടർന്ന് ഇത്തരം ജീവനക്കാർക്കെതിരേ സ്വീകരിച്ച അച്ചടക്കനടപടികൾ അടക്കമുള്ള വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ധനവകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ധനവകുപ്പു നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ജീവനക്കാരുടെ തട്ടിപ്പു കണ്ടെത്തിയത്.
തട്ടിപ്പുകാരുടെ പേരുവിവരം തേടി വിവരാവകാശ അപേക്ഷകൾ
പെൻഷൻ തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരം ധനവകുപ്പു പുറത്തുവിട്ടിട്ടില്ല. പേരു പുറത്തു വിടില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, തട്ടിപ്പുകാരുടെ പേരുവിവരം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നിരവധി അപേക്ഷകളാണ് ധനവകുപ്പിനും ചീഫ് സെക്രട്ടറിക്കും നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിൽ ഇതു സംബന്ധിച്ചു കൂടുതൽ അപേക്ഷകൾ ലഭിക്കുമെന്നാണു സൂചന.
ജീവനക്കാരുടെ പേരുവിവരം പുറത്തു വിടണമെന്നു കോണ്ഗ്രസ് ആഭിമുഖ്യത്തിലുള്ള കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സത്യസന്ധമായി ജോലി നോക്കുന്ന ജീവനക്കാരുടെ പേരു നശിപ്പിക്കുന്ന നടപടിയാണിതെന്നാണു വിലയിരുത്തൽ.
2022ലെ സിഎജി കണ്ടെത്തൽ മുതൽ സർക്കാർ നടപടി തുടങ്ങി
2022ലെ സിഎജി റിപ്പോർട്ടിൽ സർക്കാർ ജീവനക്കാർ ക്ഷേമപെൻഷനിൽ കൈയിട്ടു വാരുന്നതു വഴി 39.26 കോടിയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം തട്ടിപ്പുകാരെ കണ്ടെത്താനുള്ള കടുത്ത നടപടിയിലേക്കു ധനവകുപ്പു കടന്നത്.
2016 മുതൽ ഇത്തരം തട്ടിപ്പു നടത്തുന്നവർ ഇനി മസ്റ്ററിംഗ് നടത്തരുതെന്നു സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഓരോ വർഷവും ബയോമെട്രിക് മസ്റ്ററിംഗ് നടത്തിയാണ് സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെൻഷന് അർഹത നേടിയത്. ഇതുപോലെ ബിപിഎൽ റേഷൻകാർഡുകൾ കൈവശം വച്ചിരിക്കുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം ഇപ്പോഴും 1000 കടക്കുമെന്നാണു സർക്കാർ നിഗമനം.