വിമാനത്താവളം വഴി മയക്കുമരുന്ന് കടത്ത്; പ്രതികൾക്ക് 11 വർഷം കഠിനതടവ്
Saturday, November 30, 2024 1:18 AM IST
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് അനധികൃതമായി 2.5 കിലോഗ്രാം മെത്താംഫിറ്റാമിൻ ഹൈഡ്രോക്ലോറൈഡ് കടത്താൻ ശ്രമിച്ച പ്രതികൾക്ക് 11 വർഷം കഠിന തടവും 1,25,000 രൂപവീതം പിഴയും വിധിച്ചു.
പാലക്കാട് മണ്ണാർക്കാട് താലൂക്കിൽ കരിമ്പ വില്ലേജിൽ കൈപ്പുള്ളി വീട്ടിൽ അലവി മകൻ തേനു എന്നു വിളിക്കുന്ന ഫൈസൽ, പാലക്കാട് മണ്ണാർക്കാട് താലൂക്കിൽ കരിമ്പ വില്ലേജിൽ തട്ടായിൽ വീട്ടിൽ അലവിയുടെ മകൻ അബ്ദുൾ സലാം എന്നിവർക്കാണ് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.
2018 ഫെബ്രുവരിയിൽ വിമാനത്താവളത്തിനു സമീപത്തുനിന്നാണ് മാരുതി ഓൾട്ടോ 800 കാറിൽ സിന്തറ്റിക് മയക്കുമരുന്നായ 2.5 കിലോഗ്രാം മെത്താംഫിറ്റാമിൻ ഹൈഡ്രോക്ലോറൈഡ് പിടികൂടിയത്. വിദേശത്തേക്ക് കടത്തുന്നതിനായി കൊണ്ടുപോയ മയക്കുമരുന്ന് അതിസാഹസികമായി എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
സംസ്ഥാന ചരിത്രത്തിലെതന്നെ ഏറ്റവും വലുതും കോടികൾ വിലവരുന്നതുമായ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്. തുണികൾ നിറച്ച ട്രോളി ബാഗിൽ അതിവിദഗ്ധമായി രഹസ്യ അറകൾ നിർമിച്ച് അതിനുള്ളിൽ സ്കാനിംഗിൽ പിടിക്കപ്പെടാതിരിക്കാൻ കാർബൺ പേപ്പർകൊണ്ടു പൊതിഞ്ഞ് മെത്താംഫിറ്റാമിൻ ഹൈഡ്രോക്ലോറൈഡ് പായ്ക്ക് ചെയ്താണു പ്രതികൾ കടത്താൻ ശ്രമിച്ചത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. സർക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി.