സാങ്കേതിക സര്‍വകലാശാലാ താത്കാലിക വിസി; ഗവര്‍ണറുടെ നടപടി സ്റ്റേ
ചെയ്യണമെന്ന ആവശ്യം തള്ളി
Friday, November 29, 2024 2:59 AM IST
കൊച്ചി: സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലിക വൈസ് ചാന്‍സലറായി ഡോ. കെ. ശിവപ്രസാദിനെ ഗവര്‍ണര്‍ നിയമിച്ച നടപടി സ്റ്റേചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
സര്‍ക്കാര്‍ നല്കിയ പാനല്‍ തള്ളി ശിവപ്രസാദിനെ നിയമിച്ചതു ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ ഹർജിയില്‍ ഉന്നയിച്ച ഇടക്കാല ആവശ്യമാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് നിരസിച്ചത്. സര്‍വകലാശാലയില്‍ വൈസ് ചാന്സലറില്ലാത്ത സാഹചര്യം ഒഴിവാക്കണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം തള്ളിയത്. അതേസമയം, ചാന്‍സലര്‍ക്കും ഡോ. കെ. ശിവപ്രസാദിനും നോട്ടീസ് അയച്ചു.
സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലറെ സര്‍ക്കാര്‍ നല്കുന്ന പാനലില്‍നിന്നാണു നിയമിക്കേണ്ടതെന്നാണ് നിയമത്തില്‍ പറയുന്നതെന്നും അതിനു വിരുദ്ധമായ ഗവര്‍ണറുടെ നടപടി തെറ്റാണെന്നുമാണ് സർക്കാർ നൽകിയ ഹർജിയില്‍ പറയുന്നത്.
നേരത്തേ സിസ തോമസിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ച വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവും ഡിവിഷന് ബെഞ്ച് നിരസിച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
എന്നാല്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്നിയമിച്ചതു ചോദ്യം ചെയ്യുന്ന ഹർജിയില്‍ വിസി നിയമനകാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ തടയുന്ന ഉത്തരവാണുള്ളതെന്ന് ചാന്‍സലറുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ശിവപ്രസാദ് ചുമതലയേറ്റതായും അറിയിച്ചു. സ്ഥിരം വിസി നിയമനത്തിന് സര്‍ക്കാര്‍ തടസം നില്‍ക്കുന്നതിനാലാണു താത്കാലിക വിസി നിയമനം നടത്തിയതെന്നും വ്യക്തമാക്കി.