സജി ചെറിയാന്റെ അവഹേളനപ്രസംഗം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Friday, November 29, 2024 2:58 AM IST
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ്, ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനു കൈമാറി.
സത്യസന്ധനും നിഷ്പക്ഷനുമായ ഉദ്യോഗസ്ഥനെ നിയോഗിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ നിർദേശിച്ചാണ് ഫയൽ കൈമാറിയത്. മന്ത്രി സജി ചെറിയാനെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്നു നിയോഗിക്കും.
അതേസമയം, ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗവുമായി ബന്ധപ്പെട്ടു സജി ചെറിയാനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്പോൾ അദ്ദേഹം മന്ത്രിസ്ഥാനത്തു തുടരുന്നതു ധാർമികമാണോ എന്ന ചോദ്യവും പൊതുസമൂഹത്തിൽ സജീവമായി.
ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭരണഘടനയുടെ 75-ാം വാർഷികാഘോഷം രാജ്യവ്യാപകമായി നടക്കുന്നതിനിടെയാണ് ഭരണഘടനയെ അവഹേളിച്ച മന്ത്രിക്കെതിരേയുള്ള അന്വേഷണം സർക്കാർ നിർദേശ പ്രകാരം പോലീസ് വൈകിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന്റെ ഫോറൻസിക് പരിശോധാ ഫലവും മന്ത്രിയുടെ ശബ്ദപരിശോധനാ റിപ്പോർട്ടും ലഭിക്കും മുൻപേ ധൃതിപിടിച്ച് പോലീസ് ക്ലീൻചിറ്റ് നൽകിയത് റദ്ദാക്കിയാണ് ഹൈക്കോടതി, ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ദേശീയ മഹിമയെ അനാദരിക്കുന്നത് സംബന്ധിച്ച നിയമം ചുമത്തിയാണ് മന്ത്രിക്കെതിരായ കേസ്. എഴുത്ത്, പ്രസംഗം, പ്രവൃത്തി എന്നിവ മൂലം ഭരണഘടനയെ അനാദരിച്ചാൽ മൂന്നുവർഷം തടവുംപിഴയും ലഭിക്കാം.
തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നു ചൂണ്ടിക്കാട്ടി മന്ത്രി അപ്പീൽ നൽകുന്നുണ്ട്. കുന്തം, കുടച്ചക്രം തുടങ്ങിയ പ്രയോഗങ്ങളിൽ ബഹുമാനക്കുറവില്ലെന്ന് കരുതാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാൽ ഇനിയൊരു ക്ലീൻചിറ്റ് എളുപ്പമല്ലെന്നാണ് വിലയിരുത്തൽ.