എഡിഎമ്മിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കി
Friday, November 29, 2024 3:53 AM IST
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തീര്‍പ്പാക്കി.
ചേര്‍ത്തല സ്വദേശിയായ മുരളീധരന് സമര്‍പ്പിച്ച ഹര്‍ജിയിലാണു ഡിവിഷന് ബെഞ്ചിന്റെ നടപടി. സമാന ആവശ്യം ഉന്നയിച്ച് നവീന്‍ ബാബുവിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജി തീര്‍പ്പാക്കിയത്.
ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ സര്‍ക്കാരിനോടും സിബിഐയോടും വിശദീകരണവും തേടി. ഡിസംബര്‍ ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.