കസ്റ്റഡി മർദനം; ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി കാണാനാകില്ല: ഹൈക്കോടതി
Saturday, November 30, 2024 1:18 AM IST
കൊച്ചി: കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ പോലീസ് സ്റ്റേഷനില്‍ ശാരീരിക പീഡനത്തിനിരയാക്കുന്നത് പോലീസിന്റെ ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമായി കാണാനാകില്ലെന്നു ഹൈക്കോടതി.
ഇത്തരം സംഭവങ്ങളില്‍ പോലീസിന് നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ എസ്ഐ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണു കോടതി നിരീക്ഷണം.
2008ല്‍ സ്ത്രീയെ ആക്ഷേപിച്ചെന്ന പരാതിയില്‍ യുവാവിനെ നിലമ്പൂര്‍ എസ്ഐ സി. അലവി പോലീസ് സ്റ്റേഷനില്‍ വച്ച് അസഭ്യം പറയുകയും തല ഭിത്തിയില്‍ ഇടിക്കുകയും വയറിലും നെഞ്ചിലും ചവിട്ടുകയും ചെയ്തുവെന്നാണു കേസ്.
യുവാവിന്റെ സഹോദരികൂടിയായ ഇതേ സ്റ്റേഷനിലെ വനിതാ പോലീസ് കോണ്‍സ്റ്റബിൾ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മജിസ്ട്രേറ്റിനു നല്കിയ പരാതിയില്‍ എസ്ഐക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 294 (ബി), 323, 324 , 341 എന്നീ വകുപ്പ് പ്രകാരമാണ് എസ്ഐക്കെതിരേ കേസെടുത്തത്. ഇതിനെതിരേയാണ് എസ്ഐ ഹൈക്കോടതിയെ സമീപിച്ചത്.
കസ്റ്റഡിയിലെടുത്തയാളെ മര്‍ദിച്ച കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ക്രിമിനല്‍ നടപടി ചട്ടത്തിന്റെ സെക്ഷന്‍ 197 പ്രകാരം പ്രോസിക്യൂഷന് നടപടികളില്‍നിന്നു സംരക്ഷണം ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരു പോലീസ് ഉദ്യോഗസ്ഥന് ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് നിയമത്തിന്റെ സംരക്ഷണം അവകാശപ്പെടാനാകില്ലെന്ന് ജസ്റ്റീസ് കെ. ബാബു വ്യക്തമാക്കി.
പൊതു ക്രമസമാധാനപാലനത്തിന്റെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി കേരളസര്‍ക്കാര്‍ 1977ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ആനുകൂല്യവും കുറ്റാരോപിതനായ പോലീസുകാരന് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.