മിൽമ എറണാകുളം മേഖല യൂണിയന് തിരിച്ചടി
Saturday, November 30, 2024 1:18 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: മിൽമ എറണാകുളം മേഖല യൂണിയനെതിരേ ക്ഷീരവികസന വകുപ്പ് സംഘം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടു.
വാർഷിക പൊതുയോഗവും വിശേഷാൽ പൊതുയോഗവും ചേർന്ന് ക്രമപരമല്ലാത്ത നടപടികൾ സ്വീകരിച്ചുവെന്നാരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള സഹകരണസംഘം നിയമവകുപ്പ് 65 (1) നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോട്ടയം ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ബിൻസി മാണിക്കാണ് അന്വേഷണ ചുമതല. 30 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
സഹകരണസംഘം നിയമം പാലിക്കാതെ വാർഷിക പൊതുയോഗത്തിൽ എറണാകുളം യൂണിയന്റെ ബൈലോ ഭേദഗതി ചെയ്യൽ, വിശേഷാൽ പൊതുയോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിച്ചും യൂണിയന്റെ ബൈലോ പ്രകാരമുള്ള നടപടികൾ പാലിക്കാതെയുമുള്ള അധ്യക്ഷന്റെ യോഗനടപടി പൂർത്തീകരിക്കൽ, സഹകരണസംഘം നിയമത്തിലെ ഭേദഗതിക്ക് അനുസൃതമായുള്ള വ്യവസ്ഥകൾ യൂണിയൻ നിയമാവലിയിൽ ഉൾപ്പെടുത്താതിരിക്കൽ, ഭരണസമിതിയുടെ അംഗബലം നിയമാവലി ഭേദഗതി ചെയ്യാതെ 16-ൽ നിന്നു 17 ആയി ഉയർത്തി ജില്ലാ പ്രാതിനിധ്യം വർധിപ്പിക്കൽ തുടങ്ങിയവ സംബന്ധിച്ചാണ് അന്വേഷണം. ഇതിനു പുറമെ ഇതര ക്രമക്കേടുകൾ കണ്ടെത്തിയാൽ ഇതിൽ അന്വേഷണം നടത്താനും നിർദേശമുണ്ട്.
മലബാർ, തിരുവനന്തപുരം, എറണാകുളം എന്നിങ്ങനെ മൂന്നു മേഖല യൂണിയനുകളാണ് മിൽമയ്ക്കുള്ളത്. ഇതിൽ എറണാകുളം മേഖല യൂണിയൻ മാത്രമാണ് യുഡിഎഫ് ഭരണത്തിലുള്ളത്. ക്ഷീരവികസനവകുപ്പ് ഡയറക്ടറുടെ നിർദേശമനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നു കാണിച്ച് കെപിസിസി നേരത്തേ നിലവിലെ ചെയർമാന് കത്തയച്ചിരുന്നു.
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം ഇവിടെ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.2020 ജനുവരിയിലാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. അടുത്ത ജനുവരിയിൽ കാലാവധി അവസാനിക്കാനിരിക്കേയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.