സെന്റ് തോമസ് കോളജിൽ പ്രഭാഷണപരന്പര; ഉദ്ഘാടനം ഡിസംബർ രണ്ടിന്
Friday, November 29, 2024 2:58 AM IST
പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഗ്രാവിറ്റസ് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ബ്രിട്ടീഷ് ചരിത്രകാരനും അന്താരാഷ്ട്ര പുരസ്കാര ജേതാവും ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ സഹസ്ഥാപകനുമായ വില്യം ഡാല്‍റിംപിള്‍ ഡിസംബർ രണ്ടിനു രാവിലെ 10.30 ന് ബിഷപ് വയലില്‍ ഹാളില്‍ നിര്‍വഹിക്കും. തുടർന്ന് പ്രാചീന ഇന്ത്യ എങ്ങനെ ലോകത്തെ പരിവര്‍ത്തിപ്പിച്ചു എന്ന വിഷയത്തില്‍ വില്യം ഡാല്‍റിംപിള്‍ പ്രഭാഷണവും നടത്തും.
പുരാതന ഇന്ത്യാ ചരിത്രത്തിലും ആധുനിക ഇന്ത്യാ ചരിത്രത്തിലും ഗ്രന്ഥരചനയില്‍ മുഴുകിയിരിക്കുന്ന വില്യം ഡാല്‍റിംപിള്‍ പുതിയ പുസ്തകമായ ദി ഗോള്‍ഡന്‍ റോഡിനെ പാലാ സെന്റ് തോമസ് കോളജിലെ പ്രഭാഷണത്തില്‍ പരിചയപ്പെടുത്തും.
അക്കാദമീഷ്യന്മാര്ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമേ പൊതുജനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ കോളജ് സൗകര്യമൊരുക്കിയിട്ടുണ്ട്.
കോളജ് രക്ഷാധികാരി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോളജ് മാനേജര്‍ പ്രോട്ടോ-സിഞ്ചല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കെ. തോമസ്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ പ്രസംഗിക്കും.