മുനന്പത്ത് ഒരാളെയും ഒഴിപ്പിക്കണമെന്ന് അഭിപ്രായമില്ല: ജമാ അത്തെ ഇസ്ലാമി
Friday, November 29, 2024 2:58 AM IST
തൃശൂർ: വഖഫ് വിഷയത്തിൽ നടക്കുന്നതു തെറ്റായ പ്രചാരണങ്ങളാണെന്നു ജമാ അത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി.
ഒരു ഭൂമി മുസ്ലിമിന്റെ ആണെങ്കിൽ അതു വഖഫ് ഭൂമിയാണെന്നും പിന്നീട് അതാകെ പ്രശ്നമാകുമെന്നുമുള്ള രീതിയിലാണു പ്രചാരണങ്ങൾ.
മുനന്പം വിഷയത്തിൽ നടക്കുന്നതു തെറ്റായ പ്രചരണങ്ങളാണ്. അവിടെനിന്ന് ഒരാളെപ്പോലും ഒഴിപ്പിക്കണമെന്ന് അഭിപ്രായമില്ല. അവിടത്തെ യാഥാർഥ്യം ഉൾക്കൊണ്ടും പ്രദേശവാസികളുടെ അവകാശങ്ങൾ മാനിച്ചുകൊണ്ടും മാന്യമായ പുനരധിവാസം നൽകിയും വഖഫിന്റെ സംരക്ഷണം എങ്ങനെ നടപ്പാക്കണമെന്നതാണ് എപ്പോഴും തങ്ങൾ സംസാരിക്കുന്നതെന്ന് അബ്ദുൽ ഹക്കീം നദ്വി പറഞ്ഞു.
പാലക്കാട്ട് യുഡിഎഫിന് വോട്ടു നൽകി
പാലക്കാട്ട് യുഡിഎഫിനു ജമാ അത്തെ ഇസ്ലാമി വോട്ടു നൽകിയെന്ന വിഷയത്തിൽ, അതു പരസ്യമായ കാര്യമാണെന്ന് നദ്വി പറഞ്ഞു. മാറിവന്ന രാഷ്ട്രീയസാഹചര്യമാണ് അതിനിടയാക്കിയത്.
ആരെങ്കിലും പറഞ്ഞിട്ട് ആർക്കെങ്കിലും വോട്ടുനൽകുന്ന രീതി തങ്ങൾക്കില്ല. നിലവിൽ പലരും തള്ളിപ്പറയുന്നുണ്ടാകും. പക്ഷേ, അവർക്കും തങ്ങൾ വോട്ട് നൽകിയിരുന്നു.
നിലവിൽ രാജ്യത്തു വേരുറപ്പിക്കുന്ന സംഘപരിവാർ വർഗീയതയെ ചെറുക്കാൻ കോണ്ഗ്രസ് എന്ന പ്രസ്ഥാനത്തിനേ കഴിയുകയുള്ളൂവെന്നു മനസിലാക്കാക്കിയാണ് അവർക്കു തങ്ങൾ പിന്തുണ നൽകുന്നതെന്നും കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തണമെന്നും ജമാ അത്തെ ഇസ്ലാമി കേരള സെക്രട്ടറി കൂട്ടിച്ചേർത്തു.