നവജാത ശിശുവിന് ഗുരുതര വൈകല്യം: നാലു ഡോക്്ടര്മാർക്കെതിരേ കേസ്
Friday, November 29, 2024 2:58 AM IST
ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, ഡോ. പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരേയാണ് കേസ്.
ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഗര്‍ഭകാലത്ത് പലതവണ സ്കാനിംഗ് നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് പരാതി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വൈകല്യങ്ങള്‍ നിരവധി
ഗുരുതര വൈകല്യങ്ങളാണ് കുട്ടിക്കുള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാ സ്ഥാനത്തല്ല. വായ തുറക്കുന്നില്ല. വായ തുറന്ന് മുലപ്പാല്‍ കുടിക്കാനാവില്ല, മലര്‍ന്ന് കിടക്കാനാവില്ല, കാലിനും കൈയ്ക്കും വളവുമുണ്ട്.
ഗര്‍ഭകാലത്തെ പരിശോധനകളില്‍ അംഗവൈകല്യങ്ങള്‍ കണ്ടെത്താതിരുന്നതോടെ അസാധാരണമായ വൈകല്യങ്ങളുമായാണ് ആലപ്പുഴ ലജ്നത്ത് വാര്‍ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് ജനിച്ചത്.
ആദ്യ രണ്ടു പ്രസവവും കടപ്പുറം ആശുപത്രിയില്‍
യുവതിയുടെ ആദ്യ രണ്ട് പ്രസവങ്ങളും കടപ്പുറം വനിതാശിശു ആശുപത്രിയിലായിരുന്നു. മൂന്നാം പ്രസവത്തിനും ഇതേ ആശുപത്രി തെരഞ്ഞെടുത്തു. ആദ്യമാസങ്ങളില്‍ ഇവിടത്തെ ഡോക്ടറെ വീട്ടില്‍ പോയാണ് കണ്ടിരുന്നത്.
ധൃതിയില്‍ പരിശോധന പൂര്‍ത്തിയാക്കുന്ന ഡോക്ടറുടെ സമീപനം ഇഷ്ടപ്പെടാതെ മറ്റൊരു ഡോക്ടറെ പിന്നീട് സമീപിച്ചു. ഇരുഡോക്ടര്‍മാരും നിരവധിത്തവണ സ്കാനിംഗിന് അയച്ചു. കുഞ്ഞ് ആരോഗ്യവാനാണെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍.
ഹൃദയമിടിപ്പ് കുറഞ്ഞതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍, കുഞ്ഞിന് വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് സൂചന നല്‍കിയിരുന്നു.
ചികിത്സ പിഴച്ചിട്ടില്ല
യുവതിക്ക് കൃത്യമായ ചികിത്സ നല്‍കിയിരുന്നു. അതിന്റെ എല്ലാ രേഖകളുമുണ്ട്. ഗര്‍ഭസ്ഥ ശിശുവുമായി ബന്ധപ്പെട്ട് സങ്കീര്‍ണാവസ്ഥ യുവതിയുടെ ഭര്‍ത്താവിനെ കൃത്യമായി അറിയിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ സ്കാനിംഗ് നടത്തിയിരുന്നു. സ്കാനിംഗ് സമയത്തെ വിശദാംശങ്ങൾ റേഡിയോളജിസ്റ്റിനാണ് പറയാനാവുക. ഫൈനല്‍ റിപ്പോര്‍ട്ടാണ് ഗൈനക്കോളജിസ്റ്റ് കാണാറുള്ളത്. യുവതിയുടെ പ്രായവും (34 വയസ്) സങ്കീര്ണതയ്ക്കു കാരണമായിരുന്നു.
-ഡോ. ഷേര്‍ളി
ആരോപണം അടിസ്ഥാനരഹിതം
എനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ആദ്യ രണ്ട് മാസത്തിലാണ് കുട്ടിയുടെ അമ്മയെ ഞാന്‍ ചികിത്സിച്ചത്. ഈ കാലയളവില്‍ ശിശുവിന്റെ വൈകല്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഈ കാലയളവില്‍ കണ്ടെത്താന്‍ കഴിയുകയുമില്ല. അഞ്ചു മാസത്തിനു ശേഷമാണ് വൈകല്യങ്ങള്‍ തിരിച്ചറിയുക. ആ സമയത്ത് കുട്ടിയുടെ അമ്മ തന്റെ അടുത്ത് ചികിത്സയ്ക്ക് എത്തിയിട്ടില്ല.
< i>- ഡോ. പുഷ്പ
വൈകല്യങ്ങളെല്ലാം വ്യക്തമാകണമെന്നില്ല
സ്കാനിംഗില്‍ വൈകല്യങ്ങളെല്ലാം കണ്ടെത്താനാവില്ല. ഫ്ളൂയിഡ് അസാധാരണമായി കൂടിയാല്‍ അതുവരെയുള്ള സ്ഥിതി മാറിമറിയാം.ഫ്ളൂയിഡ് കൂടുമ്പോള്‍ ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിക്കാം. മാത്രവുമല്ല, നോര്‍മല്‍ സ്കാനിംഗിനു പുറമേയുള്ള എന്‍ടി സ്കാന്‍, അനോമലി സ്കാന്‍, ജനിതക വൈകല്യം കണ്ടുപിടിക്കുന്നതിനുള്ള ട്രിപ്പിള്‍, ഡബിള്‍ മാര്‍ക്കര്‍, ഗ്രോത്ത് സ്കാന്‍ തുടങ്ങി ഏതു തരം സ്കാനിംഗ് നടത്തിയാലും വൈകല്യങ്ങളെല്ലാം വ്യക്തമാവണമെന്നില്ല.
-ഡോ. പദ്മാ ശാന്തപ്പന്
അന്വേഷണം പ്രഖ്യാപിച്ചു; കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക.
സ്കാനിംഗ് സെന്ററിനെതിരേയും അന്വേണം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
ചികിത്സാപിഴവ് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആരോഗ്യവകുപ്പിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസിന്റെ തുടര്‍നടപടി. ഡിഎംഒ ഓഫീസ് യുവതിയുടെ സ്കാനിംഗ് റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ സൗത്ത് പോലീസാണ് പരാതി അന്വേഷിക്കുന്നത്.