200, 100, 50 നോട്ടുകൾകൂടി എടിഎമ്മിൽ ഉൾപ്പെടുത്താൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം
Friday, November 29, 2024 3:53 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ചെറിയ തുകയ്ക്കുള്ള നോട്ടുകൾകൂടി എടിഎമ്മുകൾ വഴി വിതരണം ചെയ്യാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി. എടിഎമ്മുകൾ വഴി പണം പിൻവലിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നിർദേശം.
എസ്ബിഐ അടക്കമുള്ള രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഭൂരിപക്ഷത്തിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി 500 രൂപയുടെ നോട്ടുകൾ മാത്രമാണ് എടിഎമ്മുകൾ വഴി വിതരണം ചെയ്തിരുന്നത്.
ഇതിന് മാറ്റം വരുത്തി 200, 100 രൂപയുടെ നോട്ടുകൾകൂടി ഉൾപ്പെടുത്തി വിതരണം ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ ഇടപെടൽ ഉണ്ടായത്.
ബാങ്കിൽ നേരിട്ടെത്തി പണം പിൻവലിക്കുമ്പോഴും 500 രൂപയുടെ നോട്ടുകളാണ് ഇടപാടുകാർക്ക് കൂടുതലും ലഭിച്ചിരുന്നത്. ഇതിനു പരിഹാരം കാണാൻ 200 മുതൽ താഴോട്ടുള്ള തുകയുടെ നോട്ടുകൾ ബാങ്ക് ശാഖകളിൽ ആവശ്യാനുസരണം നിർബന്ധമായും ഉണ്ടാകണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എസ്ബിഐയുടെ കേരളത്തിലെ എടിഎമ്മുകളിൽ 200, 100 രൂപയുടെ നോട്ടുകൾ എടിഎമ്മുകളിൽ ഉൾപ്പെടുത്തിത്തുടങ്ങി.
പുതുതലമുറ ബാങ്കുകളുടെ എടിഎമ്മുകളിലും സ്വകാര്യ എടിഎമ്മുകളിലും 50 രൂപയുടെ നോട്ടുകൾ വരെ ലഭ്യമാണ്. എന്നാൽ ഇവയുടെ എണ്ണം പരിമിതമായതിനാൽ ഇടപാടുകാർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല.