പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി
Saturday, November 30, 2024 1:18 AM IST
തിരുവനന്തപുരം: പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പ്രായമായവർ, രോഗത്തിന്റെ ഭാഗമായി കിടപ്പിലായവർ എന്നിവരെ ഒരുതരത്തിലുള്ള ഭേദങ്ങളുമില്ലാതെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് നടപ്പാക്കുകയെന്നു മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുക. ആരോഗ്യം, സാമൂഹിക നീതി വകുപ്പുകളുടെ സഹായം ഉറപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള ആരും ഒഴിവാകാൻ പാടില്ലെന്നും എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാവരുത്. വിവിധ ഇടങ്ങളിൽ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ, സാമൂഹികനീതി, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിലും സംവിധാനങ്ങളുണ്ട്. സന്നദ്ധ പ്രവർത്തകരുമുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. എല്ലാ പാലിയേറ്റീവ് കെയർ സംവിധാനങ്ങളെയും ഒരുമിപ്പിക്കാനുള്ള രൂപരേഖ തയാറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.ജില്ലാ കളക്ടറും പ്രദേശികതലങ്ങളിൽ തദ്ദേശസ്ഥാപന മേധാവികളും നേതൃത്വം വഹിക്കണം.
ഇത്തരം സ്ഥാപനങ്ങളുടെയും വോളന്റിയർമാരുടെയും രജിസ്ട്രേഷൻ തദ്ദേശ തലത്തിൽ നടത്തും. രജിസ്ട്രേഷനിൽ പരാതി ഉണ്ടെങ്കിൽ പരിഹരിക്കാൻ അപ്പലേറ്റ് സംവിധാനം ഏർപ്പെടുത്തും. വോളന്റിയർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകും.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പ്രധാന ചാരിറ്റി സംരംഭകരുടെയും യോഗം നടത്തും.