ആന എഴുന്നള്ളിപ്പ് നിര്‍ബന്ധിത മതാചാരമായി കണക്കാക്കാനാവില്ല: ഹൈക്കോടതി
Friday, November 29, 2024 3:53 AM IST
കൊച്ചി: ആന എഴുന്നള്ളിപ്പിനെ നിര്‍ബന്ധിത മതാചാരമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഏതെങ്കിലും മതവിശ്വാസം തകരുമെന്ന അവസ്ഥയുണ്ടെങ്കില്‍ മാത്രമേ മതാചാരമായി കണക്കാക്കാന്‍ സാധിക്കൂവെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
എഴുന്നള്ളിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും കോടതി ആവര്‍ത്തിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വംകൂടി പരിഗണിക്കണം.
ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമൊയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളിപ്പിനുവേണ്ടി ഉന്നയിക്കുന്നത്. ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവര്‍ഗമാണ് ആനകള്‍. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആനകള്‍ ഇല്ലാതാകും. ചങ്ങലയില്‍ കാലുകള്‍ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആനപ്രേമികള്‍ ആസ്വദിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.
തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ 15 ആനകളെ എഴുന്നള്ളിപ്പിക്കണമെന്നാണ് ആവശ്യം. 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകും. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കേണ്ട എന്നല്ല കോടതി പറയുന്നത്, നിശ്ചിത അകലപരിധി നിശ്ചയിച്ച് ആളുകളുടെ സുരക്ഷകൂടി നോക്കിയാണ്. 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് കോടതി ചോദിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചേ മതിയാകൂ. ആന എഴുന്നള്ളത്ത് ഹര്‍ജിക്കാര്‍ പറയുന്നതുപോലെ നടത്തിയില്ലെങ്കില്‍ ഹിന്ദുമതം തകരുമെന്നാണോ പറയുന്നതെന്നും കോടതി ആരാഞ്ഞു.
ആളുകളുടെ സുരക്ഷ, ആനകളുടെ പരിപാലനം എന്നിവ പ്രധാനപ്പെട്ടതാണ്. തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ സ്ഥലപരിധിവച്ച് പരമാവധി നാല് ആനകളെയേ മാർഗനിർദേശപ്രകാരം എഴുന്നള്ളിക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. 65 വയസ് കഴിഞ്ഞ ആനകളെ പരിചരിക്കാന്‍ പ്രത്യേക ഇടവും ഫണ്ടും സര്‍ക്കാര്‍ കണ്ടെത്തണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.