കോട്ടക്കല്‍ നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്ഥ വീഴ്ച ഉണ്ടെങ്കില്‍ നടപടിയെന്നു ചെയര്‍പേഴ്സണ്‍
Saturday, November 30, 2024 1:18 AM IST
കോട്ടക്കല്‍: നഗരസഭയിലെ ബിജെപി കൗണ്‍സിലറുടെ ഏഴാം വാര്‍ഡില്‍ സാമൂഹ്യ ക്ഷേമ പെന്ഷന് നല്‍കുന്നതിലുണ്ടായ ക്രമക്കേടില്‍ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ഡോ. കെ. ഹനീഷ പറഞ്ഞു. പെന്ഷന് അനുവദിക്കും മുമ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം.
2021 കാലയളവില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടാണ് ഇന്നലെ നഗരസഭയില്‍ ക്രമക്കേട് എന്ന രീതിയില്‍ പ്രചരിച്ചത്. 2021ല്‍ വകുപ്പ് അന്വേഷണ ഭാഗമായി പരിശോധിക്കുകയും അനര്‍ഹരെ കണ്ടെത്തി അവരുടെ പെന്ഷന് തടഞ്ഞ് റിപ്പോര്‍ട്ട് തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ 2023 ല്‍ പെന്ഷന് മസ്റ്ററിംഗില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍നിന്നു ലഭിച്ചാണ് ചെയ്തിട്ടുള്ളത്. നിലവില്‍ ഒരു പരാതിയോ ഈ റിപ്പോര്‍ട്ടോ നഗരസഭയ്ക്ക് ഇതുവരെ കിട്ടിയിട്ടില്ല.
നിലവില്‍ നഗരസഭയില്‍ അനര്‍ഹമായി പെന്‍ഷനുകള്‍ നല്‍കുന്നില്ലെന്നും അനര്‍ഹരായി ക്ഷേമപെന്ഷന് വാങ്ങുന്നവരായി ഉണ്ടോയെന്ന് പരിശോധന നടത്തുണ്ടെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഉദ്യോഗസ്ഥരാണ് ക്ഷേമ പെന്‍ഷനു വേണ്ട മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നത്.
പരിശോധന പൂര്‍ത്തിയാക്കി പെന്ഷന് കൊടുക്കാനായി പരിഹരിച്ചതും അല്ലാത്തതുമായ അപേക്ഷകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയയ്ക്കുന്നു. പിന്നീട് ഇത് കൗണ്‍സിലില്‍ പാസാക്കുകയാണ് ചെയ്യുന്നത്. നിലവില്‍ പുറത്തു വന്ന പട്ടികയിൽ ഉള്ളവരില്‍ നിരവധി പേരുടെ അടക്കം പെന്ഷന് നല്‍കുന്നില്ലെന്നും പരിഹരിച്ചതിനുശേഷവും പഴയ റിപ്പോര്‍ട്ടില്‍ മേല്‍ നഗരസഭയ്ക്കെതിരേ ആക്ഷേപം വരുത്തുകയാണെന്നും ചെയര്‍പേഴ്സണ്‍ ആരോപിച്ചു.
ബിജെപി കൗണ്‍സിലറുടെ വാദം
കോട്ടക്കല്‍: ക്ഷേമ പെന്ഷന് മൂന്ന് ലക്ഷം രൂപയെന്ന പരിധി നിശ്ചയിച്ചപ്പോള്‍ പട്ടികയില്‍ ഇടംപിടിച്ചവരാണ് അനര്‍ഹരെന്ന് കണ്ടെത്തിയവരില്‍ ഭൂരിഭാഗവുമെന്ന് ഏഴാം വാര്‍ഡ് അംഗം ഗോപിനാഥന് കോട്ടുപറമ്പില്‍ പറഞ്ഞു.
പെന്ഷന് വാങ്ങുന്നവര്‍ സാമ്പത്തികമായി വലിയ അഭിവൃദ്ധിയുള്ളവരല്ല. മക്കള്‍ക്ക് കാര്‍ ഉണ്ടെന്നത് അനര്ഹരാക്കുന്നതിന് മാനദണ്ഡമല്ല. ഒരുവാര്ഡിന്റെ കാര്യത്തില്‍ മാത്രം പരാതി നല്‍കിയതില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണണ്ട്.
യുഡിഎഫ് ഭരിക്കുന്ന കോട്ടക്കലിലെ ബിജെപിയുടെ രണ്ട് വാര്‍ഡുകളില്‍ ഒന്നാണ് നായാടിപ്പാറ. ക്ഷേമപെന്ഷന് വാങ്ങുന്നയാളല്ല, മകനാണ് ബിഎംഡബ്ലിയു കാറിന്റെ ഉടമയെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.