ലിറ്റിൽ കൈറ്റ്സ് ക്യാന്പ് ഞായറാഴ്ച; തീരുമാനത്തിൽനിന്നു പിന്മാറണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
1481033
Friday, November 22, 2024 4:56 AM IST
തൃശൂർ: ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ഐടി ക്യാമ്പുകൾക്കു വിദ്യാർഥികളും അധ്യാപകരും എത്തണമെന്ന നിർദേശത്തിൽനിന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പിന്മാറണമെന്നു തൃശൂർ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രമേയം.
വെള്ളി, ശനി ദിവസങ്ങളിൽ തീരുമാനിച്ചിരുന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ ശനി, ഞായർ ദിവസങ്ങളിലേക്കു മാറ്റാൻ തീരുമാനിച്ചത് ആരുടെ നിർദേശപ്രകാരമാണെന്നതു ദുരൂഹമാണ്. ഇത്തരം പരിശീലനങ്ങൾ ഞായറാഴ്ചകളിൽ വയ്ക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. പരിശീലനങ്ങൾ ഞായറാഴ്ചകളിൽ നടക്കുന്നതിനാൽ പല പരിശീലന ക്യാമ്പുകളിലേക്കും ക്രിസ്ത്യൻ വിദ്യാർഥികളെ മനപ്പൂർവം തെരഞ്ഞെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്. ഉപജില്ല മുതൽ സംസ്ഥാനതലംവരെ പങ്കെടുക്കാനുള്ള അവസരമാണ് വിദ്യാർഥികൾക്കു നിഷേധിക്കുന്നത്.
ക്രൈസ്തവർ ദിവ്യബലി ഉൾപ്പെടെയുള്ള ആരാധനാവശ്യങ്ങൾക്കും വിശ്വാസപരിശീലന പ്രവർത്തനങ്ങൾക്കും നീക്കിവയ്ക്കുന്ന ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തേ പല ഞായറാഴ്ചകളും പ്രവൃത്തിദിനമാക്കി സർക്കാർ ഉത്തരവിറക്കിയപ്പോൾ വിവിധ കത്തോലിക്കാരൂപതകളിൽ വലിയ എതിർപ്പുയർന്നിരുന്നു. യോഗത്തിൽ അതിരൂപത ഡയറക്ടർ ഫാ. ജോയ് അടമ്പുകുളം, ഗിൽഡ് പ്രസിഡന്റ് എ.ഡി. ഷാജു, സെക്രട്ടറി ജോഫി സി. മഞ്ഞളി, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി. ആന്റണി, പി.ഡി. ആന്റോ, എൻ.പി. ജാക്സൻ, മർഫിൻ ടി. ഫ്രാൻസീസ് എന്നിവർ പങ്കെടുത്തു.