ശക്തനിൽ വീണ്ടും ഗതാഗതം സ്തംഭിച്ചു
1480939
Thursday, November 21, 2024 8:27 AM IST
തൃശൂർ: അശാസ്ത്രീയമായ ഗതാഗതക്രമീകരണവും തുടർന്നുണ്ടായ ഗതാഗതസ്തംഭനവും ഇന്നലെ തൃശൂരിൽ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമല്ല. ശക്തൻ സ്റ്റാൻഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പില്ലാതെ ശക്തൻ റൗണ്ട് എബൗട്ട് അടച്ചുകെട്ടിയതു മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനാണ് വഴിയൊരുക്കിയത്.
വിദ്യാർഥികളെയും ജോലിക്കാരെയും ഒരേപോലെ കുരുക്കിലാക്കിയ നഗരത്തിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കുപോലും ഒരടി നീങ്ങാനായില്ല.
ഇതേത്തുടർന്ന് ആകാശപ്പാതയും തിരക്കും വകവയ്ക്കാതെ യാത്രക്കാർ റോഡിലിറങ്ങി നടന്നതോടെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. ഉച്ചയോടെ അടച്ചുകെട്ടിയ വഴി തുറന്നുനൽകിയതോടെയാണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനു പരിഹാരമായത്.
സ്റ്റാൻഡ് നിർമാണത്തെതുടർന്ന് ട്രാക്ക് നഷ്ടപ്പെട്ടതും അശാസ്ത്രീയമായ ഗതാഗതക്രമീകരണങ്ങളിലും പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തൃശൂരിൽനിന്ന് ഇരിങ്ങാലക്കുട, തൃപ്രയാർ, കാട്ടൂർ, കൊടുങ്ങല്ലൂർ, മാള റൂട്ടുകളിൽ ഓടുന്ന സ്വകാര്യബസുകൾ മിന്നൽപണിമുടക്ക് നടത്തിയിരുന്നു. ഇതേത്തുടർന്ന് ഏർപ്പെടുത്തിയ പുതിയ ഗതാഗതക്രമീകരണമാണ് ഇന്നലെ ജനജീവിതം താറുമാറാക്കിയത്.