കുറി കന്പനി ഉടമകൾ കോടികളുമായി മുങ്ങി
1481029
Friday, November 22, 2024 4:56 AM IST
വാടാനപ്പിള്ളി: കുറി വിളിച്ചിട്ടും വട്ടമെത്തിയിട്ടു മാസങ്ങൾ പിന്നിട്ടിട്ടും ഇടപാടുകാർക്കു പണംകൊടുക്കാതെ മലപ്പുറത്തു ഹെഡ് ഓഫീസുള്ള വാടാനപ്പിള്ളിയിലെ കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകൾ കോടികളുമായി മുങ്ങി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ നിലമ്പൂർ സ്വദേശി സന്തോഷ്, ഡയറക്ടർ മുബഷീർ എന്നിവരാണ് മുങ്ങിയത്.
സംസ്ഥാനത്തു വിവിധ ജില്ലകളിലായി പതിനാലോളം ബ്രാഞ്ചുകളുള്ള കുറി ഇടപാടുസ്ഥാപനമാണ് കഴിഞ്ഞദിവസം പൂട്ടിയത്. തട്ടിപ്പിനിരയായി കബളിപ്പിക്കപ്പെട്ടവർ ഇതുസംബന്ധിച്ച് വാടാനപ്പള്ളി അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രാർ ഓഫീസിലും പരാതി നൽകി.
മലപ്പുറം കൂരിയാട് ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന കമ്പനിക്കു വാടാനപ്പിള്ളി ചിലങ്ക സെന്റർ, ഒറ്റപ്പാലം, മണ്ണാർക്കാട്, മുക്കം, തിരൂർ, പട്ടാമ്പി, വളാഞ്ചേരി എന്നിവിടങ്ങളിലടക്കം ബ്രാഞ്ചുകളുണ്ട്. കുറി വിളിച്ച നിരവധിപേർക്കു എട്ടുമാസത്തിലധികമായിട്ടും പണം കൊടുത്തിട്ടില്ല. രണ്ടാഴ്ച മുമ്പ് പണംകിട്ടാത്ത ഗുരുവായൂർ സ്വദേശി ഓഫീസിൽ വന്ന് ആത്മഹത്യാഭീഷണിവരെ മുഴക്കിയിരുന്നു.
നിരവധി കുറികളാണ് കമ്പനി നടത്തിവരുന്നത്. കുറി വിളിച്ചവർക്കും വട്ടമെത്തിയവർക്കും ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെ കിട്ടാനുണ്ട്. 35 പ്രവൃത്തിദിവസം കഴിഞ്ഞാൽ കുറി വിളിച്ചവർക്കു പണം നൽകണമെന്നാണ് നിബന്ധന.
ചെക്ക് അടുത്ത ആഴ്ച വരുമെന്നുപറഞ്ഞ് മാസങ്ങളോളമായി വരിക്കാരെ വഞ്ചിക്കുകയായിരുന്നു. ബഹളം വയ്ക്കുന്നവർക്കു ചെക്ക് നൽകിയാൽ ബാങ്കിൽ പണം ഇല്ലാതെ മടങ്ങുകയാണ്. ഇതോടെ ചെക്ക് നൽകി കബളിപ്പിക്കുന്നതു കമ്പനി നിർത്തി.
ചെക്ക് മടങ്ങിയതോടെ പിന്നീട് ഇടപാടുകാർക്കു നോട്ടിസ് നൽകുകയാണ്. ഓരോ വ്യക്തികൾക്കും തീയതിവച്ച് ആ ദിവസം രാത്രി എട്ടിനുമുമ്പായി തുകയും എട്ടുശതമാനം പലിശയും നൽകുമെന്ന് ഉറപ്പുനൽകുന്ന മാനേജർ ഒപ്പുവച്ച നോട്ടീസാണ് നൽകിയിട്ടുള്ളത്. എല്ലാവർക്കും അടുത്തമാസത്തെ തീയതിവച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. പണം നഷ്ടപ്പെടില്ലെന്ന മനഃസമാധാനത്തിലും പ്രതീക്ഷയിലും ദിവസംകാത്ത് ഇരിക്കുമ്പോഴാണ് കഴിഞ്ഞദിവസം സ്ഥാപനം അടച്ചത്. മൊബൈലും ഓഫാണ്.
കളക്ഷൻ ഏജന്റുമാരെ വിളിച്ചപ്പോഴാണ് സ്ഥാപനം അടച്ച വിവരം ഇടപാടുകാർ അറിഞ്ഞത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടവർ പോലീസിലും തൃശൂർ ചെന്പുക്കാവിലെ രജിസ്ട്രാർ ഓഫീസിലും പരാതി നൽകിയത്. ശന്പളം കിട്ടാതെ ജീവനക്കാരും പരാതി നൽകി.
പല കുറികളും 70 ശതമാനത്തിന് ഉടമകൾതന്നെയാണ് വിളിച്ചു കൊണ്ടുപോയിട്ടുള്ളത്. കുറിവിളി കഴിഞ്ഞാൽ വിളിച്ചവരുടെ പേരുചോദിച്ചാൽ ജീവനക്കാർ പേരു വെളിപ്പെടുത്താറില്ലെന്ന് ഇടപാടുകാർ പറയുന്നു.