ശതാബ്ദിവർഷത്തിലേക്ക് പുത്തൻപള്ളി പ്രതിഷ്ഠാതിരുനാളിന് വെള്ളിയാഴ്ച തുടക്കം
1480613
Wednesday, November 20, 2024 7:11 AM IST
തൃശൂർ: ശതാബ്ദിവർഷത്തിലേക്കു പ്രവേശിക്കുന്ന തൃശൂർ പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക തീർഥകേന്ദ്രത്തിലെ 99-ാം പ്രതിഷ്ഠാതിരുനാൾ 22 മുതൽ 25 വരെ ആഘോഷിക്കും. 1925ൽ അന്നത്തെ തൃശൂർ രൂപത മെത്രാനായിരുന്ന മാർ ഫ്രാൻസിസ് വാഴപ്പിള്ളിയാണ് പുത്തൻപള്ളിയിൽ വ്യാകുലമാതാവിനെ പ്രതിഷ്ഠിച്ചത്. നാളെ വൈകീട്ട് 4.30നു പ്രസുദേന്തിമാരെ വാഴിക്കും. 6.30ന് പി. ബാലചന്ദ്രൻ എംഎൽഎ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓണ്‍ കർമം നിർവഹിക്കും.
22നു വൈകീട്ട് അഞ്ചിനു വിശുദ്ധ കുർബാനയ്ക്കും നവനാൾതിരുക്കർമങ്ങൾക്കുംശേഷം നടക്കുന്ന കൂടുതുറക്കലിനും എഴുന്നള്ളിപ്പിനും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനാകും. 23നു വൈകീട്ട് 6.30 മുതൽ വിവിധ യൂണിറ്റുകളിൽനിന്നുള്ള അന്പ് എഴുന്നള്ളിപ്പുകൾ പള്ളിയിലെത്തി സമാപിക്കും.
തിരുനാൾദിനമായ 24നു രാവിലെ ആറിനും 7.30നും 10നും വൈകീട്ട് 3.30, രാത്രി 7.30 എന്നീ സമയങ്ങളിലും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. അന്നേ ദിവസം രാവിലെ 7.30നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. തുടർന്ന് അൾത്താരയിൽ പ്രത്യകം തയാറാക്കിയ ദീപം തെളിയിച്ച് പ്രതിഷ്ഠാശതാബ്ദിവർഷ ആചരണത്തിനും മാര്‍ താഴത്ത് തുടക്കംകുറിക്കും. രാവിലെ 10നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ മുഖ്യകാർമികനാകും. തലോർ ജറുസലേം ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. ജോ പാച്ചേരിയിൽ സിഎംഐ തിരുനാൾസന്ദേശം നൽകും. വൈകീട്ട് 4.30നു ബസലിക്കയിൽനിന്നു ലൂർദ് കത്തീഡ്രൽ പള്ളിയിലേക്കും തിരിച്ചും ജപമാലപ്രദക്ഷിണം, വൈകീട്ട് 6.30നു വ്യാകുലം എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും.
25നു രാവിലെ 7.30ന് ഇടവകയിനിന്നു മണ്മറഞ്ഞ പൂർവികരെ അനുസ്മരിക്കും. വൈകീട്ട് 6.30നു സൗഹൃദ ബാൻഡ് വാദ്യവും ഫാൻസി വെടിക്കെട്ടും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ഇടവക നടത്തുകൈക്കാരൻ ജോണി കുറ്റിച്ചാക്കു, തിരുനാൾ ജനറൽ കണ്‍വീനർ പോൾസണ്‍ ആലപ്പാട്ട്, പബ്ലിസിറ്റി കണ്‍വീനർ സി.ജെ. പോൾ എന്നിവർ പങ്കെടുത്തു.