പരിശീലനവുമായി "കെ 9' സ്ക്വാഡ്
1480932
Thursday, November 21, 2024 8:26 AM IST
ഇരിങ്ങാലക്കുട: ഇന്ത്യയില്‍ ആദ്യമായി കഡാവര്‍ നായ്ക്കളെ പരിശീലിപ്പിച്ച് ലക്ഷ്യംകൈവരിച്ച കേരള പോലീസിന്റെ തൃശൂര്‍ റൂറല്‍ "കെ 9' സ്ക്വാഡ് പുതിയ ചുവടുവയ്പ്പില്‍. എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ക്ക് ഇത്തരം നായ്ക്കളെ പരിശീലിപ്പിക്കാനുള്ള പരിശീലനംനല്‍കി.
എന്‍ഡിആര്‍എഫ് ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നെത്തിയ സേനാംഗങ്ങള്‍ക്കാണ് ഇരിങ്ങാലക്കുട "കെ 9' ഡോഗ് സ്ക്വാഡ് ആസ്ഥാനത്ത് ഒരുമാസത്തെ പരിശീലനംനല്കിയത്. കേരള പോലീസില്‍ മാത്രമുള്ള കഡാവര്‍ ഡോഗ് ഡിറ്റക്ടിംഗില് ദേശീയ ദുരന്തനിവാരണസേനയ്ക്ക് കേരള പോലീസ് പരിശീലനം നല്‍കുകയാണ്. ആദ്യമായാണ് ഇത്തരം പരിശീലനം. വയനാട് ദുരന്തത്തിന് ശേഷമാണ് എന്ജിആര്എഫ് സംഘം കേരളത്തിലെ കഡാവര്‍ സംവിധാനത്തെക്കുറിച്ച് മനസിലാക്കിയത്.
കേരള പോലീസിലെ കഡാവര്‍ നായ്ക്കളായ മായ, മെര്‍ഫി എന്നിവരെ ഉപയോഗിച്ചാണ് എട്ടംഗസംഘത്തിന് പരിശീലനംനല്കിയത്. സംസ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂള്‍ ഇന്‍ചാര്‍ജ് ഒ.പി. മോഹനന്, തൃശൂര്‍ റൂറല്‍ പോലീസ് "കെ 9' സ്ക്വാഡ് ഇന്‍ചാര്‍ജ് പി.ജി. സുരേഷ്, എറണാകുളം സിറ്റി ഡോഗ് സ്ക്വാഡിലെ മായയുടെ ഹാന്ഡ്ലര് പി. പ്രഭാത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.