ഗുരുവായൂരിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; ഒരു ചായക്കടയും ബേക്കറിയും അടപ്പിച്ചു
1480632
Wednesday, November 20, 2024 7:11 AM IST
ഗുരുവായൂർ: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പൂക്കോട് മേഖലയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുവായൂർ ആനക്കോട്ട പരിസരത്തെ ഒരു ചായക്കടയും കോട്ടപ്പടി സെന്ററിലെ ഒരു ബേക്കറിയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി.
ആനക്കോട്ടയിൽ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചായക്കടയും, കോട്ടപ്പടി സെന്ററിലെ പാലയൂർ ബേക്കറി ആൻഡ് കൂൾബാർ എന്ന സ്ഥാപനവുമാണ് പൂട്ടിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുളള രീതിയിലായിരുന്നു ചായക്കടയുടെ പ്രവർത്തനം. ബേക്കറിയിലെ ഭൂരിഭാഗം സാധനങ്ങളും കാലാവധി കഴിഞ്ഞതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. കേരള പൊതുജനാരോഗ്യനായമം 2023 പ്രകാരം ആണ് അടച്ചുപൂട്ടിയത്. പ്രദേശത്തെ മറ്റ് സ്ഥാപനങ്ങളിൽനിന്നും പഴകിയതും ആരോഗ്യ ത്തിന് ഹാനീകരവുമായ ഭക്ഷണസാധനങ്ങളും പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി. സോണി വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. അനിത, മനു ജി.എസ്. തമ്പി, എ.എച്ച്. അസീബ്, കെ.ബി.ബിജിത, അനീഷ്മ ബാലൻ എന്നിവർ പങ്കെടുത്തു.