ജില്ലയിൽ മോഷണം പെരുകുന്നു ; ഗുരുവായൂരിൽ അഞ്ചരപ്പവന്റെ താലിമാല കവർന്നു
1480940
Thursday, November 21, 2024 8:27 AM IST
ഗുരുവായൂർ: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയുടെ അഞ്ചര പവൻ താലിമാല കവർന്നു. രണ്ടര മാസത്തിനിടെ കവർന്നത് 20 പവനോളം ആഭരണം. ഇന്ന് പുലർച്ചെ വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയുടെ അഞ്ചരപ്പവന്റെ താലിമാല കവർന്നു. തെക്കേനടയിൽ പുളിയശേരി ലജീഷിന്റെ ഭാര്യ സിധുവിന്റെ(35) മാലയാണ് കവർന്നത്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
ഇവർ വീടിനുപിൻവശത്ത് അരി കഴുകുകയായിരുന്നു. കുനിഞ്ഞ് നിന്നിരുന്ന ഇവരുടെ പുറകിലൂടെ എത്തിയ മോഷ്ടാവ് മാല തലയിലൂടെ അഴിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. ഇവർ ഭയന്ന് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷ്ടാവ് മുഖം മറച്ചിരുന്നതായി ഇവർ പറഞ്ഞു. ഇവരുടെ തൊട്ടടുത്തുള്ള രണ്ടു വീടുകളിൽ മോഷണശ്രമവും നടന്നിട്ടുണ്ട്.
പൊന്നരാശേരി മണികണ്ഠൻ, മനയിൽ രഘുനാഥ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. മണികണ്ഠന്റെ വീടിന്റെ പുറകുവശത്തെ വാതിൽ തകർത്ത് മോഷ്ടാവ് അകത്തു കയറിയിട്ടുണ്ട്. വീടിനകത്തെ രണ്ടു വാതിലുകൾ തുറന്നശേഷം അടുക്കള ഭാഗത്ത് കൂടെ രക്ഷപ്പെടുകയായിരുന്നു. രഘുനാഥിന്റെ വീടിനു പുറകിലെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. രണ്ടു വീടുകളിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
വീട്ടുകാർ ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകി. പോലീസ് ഈപ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചു. പരിശോധനയിൽ പ്രതികളെ പറ്റി സൂചന ലഭിച്ചു.
ഗുരുവായൂരിൽ കവർച്ച വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ രണ്ടര മാസത്തിനിടെ 20 പവനോളം സ്വർണാഭരണങ്ങളാണ് വിവിധ സംഭവങ്ങളിലായി കവർന്നിട്ടുള്ളത്.
കഴിഞ്ഞ മാസങ്ങളിലായി റെയിൽവേസ്റ്റേഷന്റെ പരിസരത്തെ വീട്ടിൽ നിന്ന് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വീട്ടമ്മയുടെ രണ്ട് പവൻ കവർന്നു.
റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് യാത്രക്കാരിയുടെ മൂന്ന് പവനും കവർന്നു. റെയിൽവേസ്റ്റേഷനിൽ നിന്ന് യാത്രക്കാരികളുടെ ആറ് പവനാണ് കവർന്നത്. ഈകവർച്ചകളിൽ ആരേയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.