എലിവേറ്റഡ് ഹൈവേ : കർമസമിതി സമരം ആരംഭിച്ചിട്ട് ഒരുവർഷം
1480938
Thursday, November 21, 2024 8:26 AM IST
കൊടുങ്ങല്ലൂർ: ബൈപാസിലെ സിഐ ഓഫീസ് ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച രണ്ടാംഘട്ട സമരം ഇന്ന് ഒരുവർഷം പൂര്ത്തിയാകുന്നു. ബൈപാസ് ഓരത്ത് പന്തൽകെട്ടി ആരംഭിച്ച സമരം 365 ദിനങ്ങൾ പിന്നിടുന്ന ഇന്നു വൈകിട്ട് നാലിന് സമരസമിതി കൺവൻഷൻ സംഘടിപ്പിച്ചിട്ടുണ്ട്.
13 വർഷങ്ങൾക്കുമുമ്പ് ബൈപാസ് തുറന്നതോടെ നിരവധി അപകടങ്ങളും മരണങ്ങളും പതിവായതോടെയാണ് സിഐ ഓഫീസ് ഭാഗത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യം ഉയർന്നത്.
ശക്തമായ ജനകീയമുന്നേറ്റത്തിനൊടുവിൽ അന്നത്തെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ദേശീയപാത ഉദ്യോഗസ്ഥർ എലിവേറ്റഡ് ഹൈവേ നിർമിക്കുമെന്നും തൽക്കാലം ഈഭാഗത്ത് സിഗ്നൽസംവിധാനം ഏർപ്പെടുത്താമെന്നും ഉറപ്പുനല്കി. ഇതിനെ തുടർന്നാണ് ആദ്യഘട്ടത്തിലെ 103 ദിവസം നീണ്ട സമരം സമാപിച്ചതും പിന്നീട് സിഐ ഓഫീസിനരികിൽ സിഗ്നൽസംവിധാനം വന്നതും.
എന്നാൽ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ബൈപാസിൽ ആരംഭിച്ച നിർമാണപ്രവൃത്തികളിൽ റോഡ് മുറിച്ചുകടന്നുപോകാൻ ഒരു സൗകര്യവും ഒരുക്കില്ലെന്ന് വ്യക്തമായി. അടിപ്പാതയെങ്കിലും നിർമിച്ചില്ലെങ്കിൽ പ്രദേശം രണ്ടായി വിഭജിക്കപ്പെടുമെന്നും ജനങ്ങൾ ഒറ്റപ്പെടുമെന്നുള്ള ആശങ്കയാണ് നാട്ടുകാർക്ക്.
വിദ്യാർഥികൾ അടക്കമുള്ളവർ ദുരിതത്തിലാകും. താലൂക്ക് ആശുപത്രി, സിവിൽ സ്റ്റേഷൻ, വില്ലേജ് ഓഫീസ്, കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം തുടങ്ങി നിരവധിസ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ മൂന്നുകിലോമീറ്റർ ദൂരമെങ്കിലും ചുറ്റിസഞ്ചരിക്കണമെന്നുള്ളത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.
എന്നാൽ ദേശീയപാത അധികൃതരുടെ കണക്കിൽ കൊടുങ്ങല്ലൂർ ബൈപാസിൽ നാല് സിഗ്നലുകൾ മാത്രമാണുള്ളത്. ഒന്നാം സിഗ്നൽ ചന്തപ്പുരയും രണ്ടാം സിഗ്നൽ പടാകുളവുമാണ്. മൂന്നാമത് ഗൗരിശങ്കർ ജംഗ്ഷനും നാലാമത് കോട്ടപ്പുറം സിഗ്നലുമാണ്. 2012ൽ സ്ഥാപിച്ച സിഐ ഓഫീസ് സിഗ്നൽ ദേശീയപാത ഉദ്യോഗസ്ഥരുടെ ചിത്രത്തിൽ തന്നെയില്ലെന്നാണ് അറിയുന്നത്.