ഗുരുവായൂർ ഏകാദശി: കനറാബാങ്ക്, സ്റ്റേറ്റ് ബാങ്ക് വിളക്കാഘോഷം
1481027
Friday, November 22, 2024 4:56 AM IST
ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി നാളെ കനറാബാങ്ക് ജീവനക്കാരുടെ വകയായുള്ള വിളക്കാഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 47-ാമത് വിളക്കാഘോഷമാണിത്. നെയ്വിളക്കായാണ് ബാങ്ക് വിളക്കാഘോഷിക്കുന്നത്.
രാവിലെ കാഴ്ചശീവേലിക്ക് പെരുവനം സതീശൻമാരാരുടെ മേളം അകമ്പടിയാകും. ഉച്ചതിരിഞ്ഞ് കാഴ്ചശീവേലിക്ക് ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യമാണ്. രാത്രി വിളക്കെഴുന്നളളിപ്പിന് വിശേഷാൽ ഇടയ്ക്ക - നാഗസ്വര പ്രദക്ഷിണം. സന്ധ്യക്ക് കല്ലൂർ ഉണ്ണികൃഷ്ണൻ, മണ്ണാർക്കാട് ഹരിദാസ് എന്നിവരുടെ ഡബിൾ തായമ്പകയും ഉണ്ടാകും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ഏഴിന് ചീഫ് മാനേജർ പി. വിനോദ്കുമാർ ഭദ്രദീപംതെളിയിച്ച് കലാപരിപാടികൾ ഉദ്ഘാടനംചെയ്യും. വൈകിട്ട് 6.30 മുതൽ കുമാരി ഗംഗ ശശിധരന്റെ വയലിൻകച്ചേരിയും രാത്രി 8.30 മുതൽ മാക് കണ്ടാണശേരിയുടെ നേതൃത്വത്തിൽ ഭക്തിഗാനമേളയും ഉണ്ടാകും. വിളക്കുകമ്മിറ്റി രക്ഷാധികാരി പി. വിനോദ്കുമാർ, എം.എസ്. ഭാസ്കരൻ, ജി. രാജേഷ്, കെ.എസ്. ശ്രീദേവി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
ഞായറാഴ്ച സ്റ്റേറ്റ് ബാങ്ക് കുടുംബവിളക്ക് കമ്മിറ്റിയുടെ ഏകാദശിവിളക്ക് ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശിവേലിക്ക് കിഴക്കൂട്ട് അനിയൻമാരാർ മേളം നയിക്കും. ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നെള്ളിപ്പിനും പല്ലാവൂർ ശ്രീധരൻമാരാർ നയിക്കുന്ന പഞ്ചവാദ്യമാണ്. സന്ധ്യക്ക് ദേവദത്ത് എസ്.മാരാർ തായമ്പക അവതരിപ്പിക്കും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് കലാപരിപാടികൾ തുടങ്ങും. വൈകിട്ട് ഭക്തിഗാനമേളയും ഉണ്ടാകും. വിളക്കാഘോഷ ജനറൽ കൺവീനർ കെ. രവീന്ദ്രൻ, കെ. പ്രദീപ്, കെ.വി. പ്രജിത്ത്, എൻ. രാധാകൃഷ്ണൻ, എം.എം. പ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.