കർഷകരുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
1480615
Wednesday, November 20, 2024 7:11 AM IST
തൃശൂർ: കർഷകർക്കു വളം കൃത്യസമയത്തു ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു ഫാക്ടിനും വളം വിതരണക്കാർക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശം. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള വിവിധ കർഷകസംഘടനാ പ്രതിനിധികളും വളം വിതരണക്കാരും ഫാക്ട് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നിർദേശം. കർഷകനും സംവിധായകനുമായ സത്യൻ അന്തിക്കാടിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
കാർഷികവളങ്ങളുടെ ലഭ്യത ഉൾപ്പടെയുള്ള പ്രശ്നങ്ങളാണ് സംഘടനാ പ്രതിനിധികൾ ഉന്നയിച്ചത്. ജനിതകമാറ്റം വരുത്തിയ വിളകൾ ഭാവിയിൽ സൃഷ്ടിക്കാൻ പോകുന്ന പ്രശ്നങ്ങളും കർഷകർ ചർച്ചയിൽ സൂചിപ്പിച്ചു. പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നു ചർച്ചയ്ക്കുശേഷം കർഷകപ്രതിനിധികൾ പറഞ്ഞു.
കാലതാമസം പരിഹരിക്കുമെന്നു ഫാക്ട് ഡയറക്ടർ അനുപം മിത്ര യോഗത്തിൽ അറിയിച്ചു. ജനറൽ മാനേജർ ജിതേന്ദ്ര കുമാറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. രഘുനാഥ് സി. മേനോൻ, ഇ.പി. ഹരീഷ് മാസ്റ്റർ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വിയ്യൂർ സ്വദേശികളായ സുധീഷ് - ശരണ്യ ദന്പതികൾക്കു പിഎംഎവൈ പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനവും സുരേഷ് ഗോപി നിർവഹിച്ചു.