രാഘവൻ തിരുമുല്പാട് അനുസ്മരണം
1481017
Friday, November 22, 2024 4:55 AM IST
ചാലക്കുടി: ആയുർവേദാചാര്യൻ വൈദ്യഭൂഷണം കെ.രാഘവൻ തിരുമുല്പാടിന്റെ സ്മരണയ്ക്കായി ചാലക്കുടിയിൽ സ്ഥാപിക്കുന്ന ആയുഷ് ആശുപത്രിയുടെ കെട്ടിടനിർമാണം പൂർത്തിയായതായും ജീവനക്കാരുടെ നിയമന നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ജനങ്ങൾക്കു തുറന്നുനൽകാനാകുമെന്നും സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. നഗരസഭയും പത്മഭൂഷൺ കെ.രാഘവൻ തിരുമുൽപാട് അനുസ്മരണ സമിതിയും ഒരുക്കിയ കെ. രാഘവൻ തിരുമുൽപാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിച്ചു സംസാരിക്കയായിരുന്നു എംഎൽഎ. നഗരസഭ ചെ യർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.
രാഘവൻ തിരുമുൽപാട് പുരസ്കാരം അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ റിസർച്ച് ഡയറക്ടർ ഡോ.പി. രാംമനോഹറിന് എംഎൽഎ സമ്മാനിച്ചു. കേരള ആത്മവിദ്യാസംഘം ഏർപെടുത്തിയ വാഗ്ഭടാനന്ദ പുരസ്കാര ജേതാവുകൂടിയായ തിരുമുൽപാടിന്റെ മകളും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ ഡോ. കെ. മുത്തുലക്ഷ്മിയെ ആദരിച്ചു. മുൻ എംഎൽഎ സാവിത്രി ലക്ഷ്മണൻ അനുസ്മരണപ്രഭാഷണം നടത്തി.
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം. അനിൽകുമാർ വിതരണം ചെയ്തു. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, ജനറൽ കൺവീനർ എം.ഡി. ജയിംസ്, തിരുമുല്പാട് ഫൗണ്ടേഷൻ സെക്രട്ടറി ഡോ. കെ.മുരളി, യു.എസ്. അജയകുമാർ, മുൻ നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമരായ ബിജു എസ്.ചിറയത്ത്, പ്രീതി ബാബു, ദീപു ദിനേശ്, ആനി പോൾ, നഗരസഭ കൗൺസിലർമാരായ റോസി ലാസർ, ടി.ഡി. എലിസബത്ത്, കൺവീനർ ടി.പി.രാജൻ എന്നിവർ പ്രസംഗിച്ചു.