തീരദേശ മേഖലയിൽ മോഷണം; കുറുവ സംഘമെന്ന് ആശങ്ക
1480941
Thursday, November 21, 2024 8:27 AM IST
കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ശ്രീനാരായണ വായനശാലയ്ക്ക് സമീപം മേനോത്ത് മാധവൻ മകൻ രതീഷിന്റെ വീട്ടിലാണ് മോഷണം. ഇവർ കുടുംബസമേതം വിദേശത്താണ്. അടച്ചിട്ട വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്ത്കടന്നിട്ടുള്ളത്. വീടിനകത്തുണ്ടായിരുന്ന രണ്ട് നിലവിളക്ക്, വലിയ കുട്ടകം, ചെമ്പ് പാത്രങ്ങൾ തുടങ്ങിയവയാണ് കവർന്നത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മോഷണം നടന്നിട്ടുളളതെന്ന് പറയുന്നു. രണ്ട് നാടോടി സ്ത്രീകളെ പരിസരത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. തൊട്ടടുത്ത് താമസിക്കുന്ന രതീഷിന്റെ സഹോദരൻ രമേഷ് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഒന്നരവർഷം മുമ്പും ഇതേവീട്ടിൽ മോഷണം നടന്നിട്ടുണ്ട്. കയ്പമംഗലം പോലീസിൽ പരാതി നൽകി.
ചെന്ത്രാപ്പിന്നി സി.വി. സെന്ററിനടുത്ത് ഒരു വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതേസമയം തീരദേശ പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിൽ രാത്രി കാലങ്ങളിൽ അസാധാരണമാം വിധം കുട്ടികളുടെ കരച്ചിൽ കേട്ടതായി പറയുന്നുണ്ട്. സമീപത്തെ വീടുകളിൽ കുട്ടികൾ ഇല്ലാത്ത പ്രദേശത്തായതു കൊണ്ടാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
കളരിപ്പറമ്പ് അപ്പോളോ ടയേഴ്സ് ജീവനക്കാരന്റെ വീട്ടിലാണ് സംഭവം. വീട്ടുടമ ടോർച്ച് എടുത്ത് പ്രകാശിപ്പിച്ചു നോക്കിയെങ്കിലും വിറകുപുരയ്ക്കു പിറകിൽ പുല്ലു പടർന്ന് കാടായി കിടക്കുന്ന ഭാഗത്തു നിന്നും ആയിരുന്നു ശബ്ദത്തിന്റെ ഉറവിടം. തൊട്ടപ്പുറം വിജനമായ പറമ്പാണ്. അവിടെയും ആൾപെരുമാറ്റം കുറവാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളാണ് വീട്ടുകാരെ ഭീതിപ്പെടുത്തത്. പലയിടങ്ങളിലും കണ്ടുപരിചയമില്ലാത്ത നാടോടി സ്ത്രീകൾ അലഞ്ഞു നടക്കുന്നതായി പറയുന്നു. പൊതുജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിന് രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.