ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ കുതിരപ്രസവം
1480933
Thursday, November 21, 2024 8:26 AM IST
മാള: ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ കുതിര പ്രസവിച്ചു. സ്കൂളിലെ റാണി എന്ന കുതിരയാണ് ഇന്നലെ രാവിലെ പ്രസവിച്ചത്. റാണിയുടെ ജനനവും ഇവിടെത്തന്നെയായിരുന്നു.
റാണിയുടെ അമ്മ ഝാന്‍സിയെ രാജസ്ഥാനില്‍നിന്ന് 10 വര്‍ഷം മുമ്പാണ് സ്കൂളില്‍ എത്തിച്ചത്. പ്രശസ്ത മാര്‍വാലി ഇനത്തില്‍പെട്ടതാണ് ഈ കുതിരകള്‍. കുരുവിലശേരി ചൂണ്ടക്കപ്പറമ്പില് അജയന്റെയും ഇന്ദുവിന്റെയും മകളും സ്കൂളിലെ വിദ്യാര്‍ഥിയുമായിരുന്ന കൃഷ്ണ പരീക്ഷയ്ക്ക് കുതിരപ്പുറത്തുപോയതോടെയാണ് ഝാന്‍സി മാധ്യമങ്ങളില്‍ വാർത്തയായത്. ഇതിനെതുടര്‍ന്ന് അന്നത്തെ ഡിജിപി ലോക്നാഥ് ബഹ്റ ഐപിഎസ്, ഋഷിരാജ്സിംഗ് ഐപിഎസ് എന്നീ പ്രമുഖര്‍ കൃഷ്ണയെയും ഝാന്സിയെയും സന്ദര്‍ശിക്കാനെത്തിയിരുന്നു.
തുടര്‍ന്ന് ഋഷിരാജ് സിംഗിന്റെ ശുപാര്‍ശയോടെ കൃഷ്ണ കുതിരയോട്ടത്തില്‍ ഉന്നതപരിശീലനത്തിനായി മൈസൂരിലേക്കുപോയി. പിന്നീടാണ് ഝാന്‍സി, റാണിക്കു ജന്മം നല്‍കിയത്. വിദ്യാര്‍ഥികളുടെ കുതിരസവാരി പരിശീലനത്തിനായാണ് സ്കൂളിൽ കുതിരകളെ വളര്‍ത്തുന്നത്. മലപ്പുറത്തും കോഴിക്കോടുംനടന്ന കുതിരയോട്ട മത്സരങ്ങളില്‍ റാണിയെ ഓടിച്ച് സ്കൂളിലെ കുട്ടികള്‍ സമ്മാനാര്ഹരായിട്ടുണ്ട്.