കൊലപാതകശ്രമം: പ്രതിക്ക് കഠിനതടവും പിഴയും
1481021
Friday, November 22, 2024 4:55 AM IST
ചാവക്കാട്: ബന്ധുവായ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും.
വേലൂർ തലക്കോട്ടുകര ഞാലിക്കരയിലുള്ള പടിഞ്ഞാറൂട്ട് മോഹൻദാസ്(48)നെയാണ് ചാവക്കാട് അസി.സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി 16 വർഷം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. വേലൂർ അയ്യപ്പൻകാവ് കീഴ്തണ്ടിലം പടിഞ്ഞാറൂട്ട് രവീന്ദ്രൻ മകൻ രാജേഷി(37)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. പരിക്കേറ്റ രാജേഷിന്റെ വലിയച്ഛന്റെ മകനാണ് പ്രതിയായ മോഹൻദാസ്. കുടുംബവിഷയമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്.
2018 ഏപ്രിലിലാണ് സംഭവം. രാജേഷിനെ പ്രതി ചുറ്റികകൊണ്ട് തലയിലും കാൽമുട്ടിലും അടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. കേസ് കോടതിയിലെത്തിയപ്പോൾ മുഴുവൻ സാക്ഷികളും കുറുമാറി.
പിഴസംഖ്യ രാജേഷിനു നൽകണം. കുന്നംകുളം എസ്ഐ ടി.കെ. ഗിരിജാവല്ലഭനാണ് കേസ് രജിസ്റ്റർചെയ്തത്. ഇൻസ്പെക്ടർമാരായ സി.ആർ. സന്തോഷ്, ജി. ഗോപകുമാർ എന്നിവർ അന്വേഷണംനടത്തി. ഇൻസ്പെക്ടർ കെ.ജി. സുരേഷ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ. ആർ. രജിത്കുമാർ ഹാജരായി.