കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിന്തുടരുന്നത് ഔറംഗസേബ് നയം: അഡ്വ. ബി. ഗോപാലകൃഷ്ണന്
1480943
Thursday, November 21, 2024 8:27 AM IST
തൃശൂർ: ഔറംഗസേബ് നയമാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിന്തുടരുന്നതെന്നു ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. ക്ഷേത്രവിരുദ്ധനിലപാടാണ് അദ്ദേഹം പിൻതുടരുന്നതെന്നും ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ദേവസ്വം പ്രസിഡന്റ് ഔറംഗസേബായാൽ ബിജെപിക്കു ശിവജിയുടെ വേഷം കെട്ടേണ്ടിവരുമെന്നും തൃശൂർ പൂരം തട്ടിയെടുക്കാനുള്ള ശ്രമം ദേവസ്വം ബോർഡ് ഉപേക്ഷിച്ചില്ലെങ്കിൽ ബിജെപി സമരത്തിനിറങ്ങുമെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
ഹൈക്കോടതിയിൽ പൂരവുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോര്ഡ് നൽകിയ സത്യവാങ്മൂലം രാഷ്ട്രീയപ്രേരിതമാണ്. ഇടതുപക്ഷത്തിന്റെ നാവായാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്. ബോർഡിന്റെ ചുമതല ക്ഷേത്രപരിപാലനമാണ്. എന്നാൽ ക്ഷേത്രങ്ങളെ രാഷ്ട്രീയവത്കരിക്കുകയാണ് ബോർഡ് ഇപ്പോൾ ചെയ്യുന്നത്.
വി.എസ്. സുനിൽകുമാറിനുവേണ്ടി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വോട്ട് അഭ്യർഥിച്ചതിനു തെളിവുണ്ട്. കളക്ടർ പൂരംദിവസം എത്താൻ വൈകിയതിനു കാരണം ബോർഡ് പ്രസിഡന്റാണ്. പൂരം അലങ്കോലമാക്കിയതു കൊച്ചിൻ ദേവസ്വവും ഇടതുപക്ഷവും ചേർന്നാണ്.
ശക്തൻ തമ്പുരാൻ നിശ്ചയിച്ചപ്രകാരമേ തൃശൂർ പൂരം നടക്കൂ. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ തള്ളി തൃശൂർ പൂരം കലക്കാനുള്ള ബോർഡ് പ്രസിഡന്റിന്റെ ഹിഡൻ അജൻഡയാണ് ആ സത്യവാങ്മൂലം. ദേവസ്വം ഭൂമി കൊച്ചിൻ ദേവസ്വം പ്രസിഡന്റിന്റെ തറവാട്ടുസ്വത്തല്ല. സത്യവാങ്മൂലത്തിൽ മര്യാദകേടാണ് പറഞ്ഞിരിക്കുന്നതെന്നും ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.
പൂരം കലക്കിയതിന്റെ ഉത്തരവാദിത്വം സർക്കാരിനും
കൊച്ചിൻ ദേവസ്വത്തിനുംമാത്രം: ബിജെപി
തൃശൂർ: പൂരം അട്ടിമറിക്കാൻ ഇടതുസർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാർ.
നൂറ്റാണ്ടുകളായി മലയാളികളുടെ അഭിമാനമായി ആഘോഷിക്കുന്ന തൃശൂർ പൂരം നടത്തുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച തിരുവന്പാടി ദേവസ്വത്തെ അവഹേളിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്. പോലീസ് ഉദ്യോഗസ്ഥർ പൂരം തടസപ്പെടുത്തിയതിനു ജനലക്ഷങ്ങൾ സാക്ഷികളാണ്. ആ സമയത്ത് ഇടപെടാതിരുന്ന കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും ഇപ്പോൾ പച്ചക്കള്ളം കോടതിയിൽ ബോധിപ്പിക്കുകയാണ്. ഇതു നീതിന്യായസംവിധാനങ്ങളോടുള്ള അവഹേളനംകൂടിയാണ്. പൂരം തടസപ്പെടുത്തിയതു ബിജെപിയും തിരുവന്പാടി ദേവസ്വവുമാണ് എന്നതിന് എന്തു തെളിവാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പക്കലുള്ളത് എന്നു വ്യക്തമാക്കണം. സത്യവാങ്മൂലമെന്ന പേരിൽ സമർപ്പിച്ചിട്ടുള്ള പച്ചക്കള്ളം പിൻവലിച്ച് മാപ്പുപറയാൻ കൊച്ചിൻ ദേവസ്വം ബോർഡ് തയാറാകണമെന്നും അനീഷ് കുമാർ ആവശ്യപ്പെട്ടു.