മുരിങ്ങൂരിലെ അടിപ്പാത നിർമാണം : നിർമാണംതടഞ്ഞ് മേലൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ
1480623
Wednesday, November 20, 2024 7:11 AM IST
മുരിങ്ങൂർ: ദേശീയപാതയിൽ മുരിങ്ങൂരില്‍ അടിപ്പാത നിര്‍മിക്കുന്നതിന്റെ ഭാഗമായി മേലൂരിലേക്കുള്ള പ്രവേശന കവാടം അടച്ചിടാനുള്ള എന്‍എച്ച്ഐഎയുടെ ശ്രമം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. പൂർണമായി സര്‍വീസ് റോഡുകള്‍ നിർമിച്ച് ഇരുദിശകളിലേക്കുള്ള യാത്ര സുഗമമാക്കണമെന്നും സിഗ്നൽ ജംഗ്ഷനിൽ നിന്നും നിശ്ചിത അകലത്തിൽ ഇരുഭാഗത്തും യു ടേണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രസിഡന്റ്് എം.എസ്. സുനിത ആവശ്യപ്പെട്ടു. കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലും എംപിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും ഇതു സംബന്ധിച്ച് പ്രൊജക്ട് ഡയറക്ടർ ഉറപ്പു നൽകിയതാണെന്നും അവർ പറഞ്ഞു.
മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റിൻന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
തിങ്കളാഴ്ച എറണാകുളം - തൃശൂര്‍ റോഡ് അടച്ചിട്ടായിരുന്നു അടിപ്പാത നിര്‍മാണത്തിന് കരാർ കമ്പനി തുടക്കമിടാന്‍ ശ്രമിച്ചത്. ഇതിനായി റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. മേലൂര്‍ റോഡില്‍നിന്നും ദേശീയ പാതയിലേയ്ക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തു. ഇതോടെ പ്രദേശത്തെ കച്ചവടക്കാരും ഒാട്ടോ തൊഴിലാളികളുമാണ് അദ്യം രംഗത്തെ ത്തിയത്. തുടര്‍ന്ന് ജനപ്രതിനിധികളെ വിവരം അറിയിച്ചു. എം.എസ്. സുനിത, വൈസ് പ്രസിഡന്റ് പി.ഒ. പോളി എന്നിവര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും ഏറെ നേരത്തെ വാഗ്വാദത്തിനൊടുവിലാണ് അവര്‍ പിന്മാറിയത്. ചർച്ചകളിൽ ലഭിച്ച ഉറപ്പുകൾ പാലിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രവേശന കവാടം അടച്ചാല്‍ അടിപ്പാത നിര്‍മാണം പൂര്‍ത്തിയാകുംവരെ മേലൂരില്‍ നിന്നുള്ള യാത്രക്കാരും വാഹനങ്ങളും തൃശൂര്‍ റൂട്ടിലെത്താന്‍ കൊരട്ടി ജംഗ്ഷന് വരെ സഞ്ചരിക്കേണ്ട അവസ്ഥ സംജാതമാകുമെന്ന് പ്രസിഡന്റ്് ചൂണ്ടിക്കാട്ടി. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി പി.പി. ബാബു, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി. വിനോദ് എന്നിവരും പ്രതിഷേധത്തിനു നേതൃത്വം നല്കി.