മാർ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിരുനാൾ ആഘോഷിച്ചു
1481024
Friday, November 22, 2024 4:56 AM IST
ചാവക്കാട്: തീരക്കടലിൽ കാത്തുകിടന്നിരുന്ന ബോട്ടുകളെയും വള്ളങ്ങളെയും പിന്നീട് കടലിനെയും വലകളെയും കരയെയും മാർ തോമാശ്ലീഹായുടെ തിരുശേഷിപ്പുകൊണ്ട് ആശീർവദിച്ചു. മാർ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിരുനാൾ ഭക്തിനിർഭരമായി.
ഇന്നലെ വൈകീട്ട് ബ്ലാങ്ങാട് സാന്ത്വനതീരം കപ്പേളയിലും തുടർന്ന് കരയിലും കടലിലും നടന്ന തിരുക്കർമങ്ങൾക്കും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി.
പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കടൽ തീരത്തേക്കുനടത്തിയ പ്രദക്ഷിണത്തിന് പരമ്പരാഗത ക്രിസ്തീയ കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയായി. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തീർഥകേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ.ഡോ. ഡേവീസ് കണ്ണമ്പുഴ, സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് വട്ടക്കുഴി, അസി.ഡയറക്ടർ ഫാ. ഡിക്സൺ കൊളമ്പ്രത്ത്, തീർഥകേന്ദ്രം സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ എന്നിവർ സഹകാർമികരായിരുന്നു. ചിത്രപ്രദർശനവും സ്നേഹവിരുന്നുമുണ്ടായിരുന്നു. കൺവീനർ കെ.ജെ. പോൾ, ട്രസ്റ്റി ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, സെക്രട്ടറി ബിജു മുട്ടത്ത്, ടോണി ആന്റണി ചക്രമാക്കിൽ, രതിൻ, അരുൾ, സി.സി. ചാർളി, ജോയ് കൊമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.