മുനന്പം: ഭരണകൂടങ്ങളും നിയമസംവിധാനവും ജാഗ്രത പുലർത്തണമെന്നു മാർ താഴത്ത്
1480927
Thursday, November 21, 2024 8:26 AM IST
തൃശൂർ: മനുഷ്യാവകാശലംഘനം ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങളും നിയമസംവിധാനവും ജാഗ്രത പുലർത്തണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഎൽസി തയാറാക്കിയ വിവിധ ആവശ്യങ്ങളടങ്ങിയ ഭീമഹർജിയിൽ ഒപ്പുവച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിന്റെയോ രാഷ്ട്രീയപ്പാർട്ടിയുടെയോ സമരമല്ല. മനുഷ്യാവകാശത്തിനുവേണ്ടിയുള്ള സമരമാണ്. മുനമ്പം ഭൂമി വില്പനനടത്തിയോ പണയംവച്ചോ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ജീവൽപ്രശ്നങ്ങൾപോലും പരിഹരിക്കാൻ കഴിയാതെ ആളുകൾ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുനന്പത്തെ കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, മുനമ്പം തീരദേശഭൂമിയിലെ അവകാശവാദങ്ങൾ വഖഫ് ബോർഡ് പൂർണമായും അവസാനിപ്പിക്കുക, വഖഫ് നിയമത്തിലെ ഭേദഗതി മുൻകാലപ്രാബല്യത്തോടെ നടപ്പാക്കുക, ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക തുടങ്ങിയവ ഭീമഹർജിയിലൂടെ തൃശൂർ അതിരൂപത സിഎൽസി ആവശ്യപ്പെട്ടു.